എഫ് സി ഗോവയുടെ ക്യാപ്റ്റൻ ആയ എഡു ബേഡിയ ക്ലബിനോട് യാത്ര പറഞ്ഞു. അവസാന ആറു വർഷമായി ഗോവയ്ക്ക് ഒപ്പം ഉള്ള എഡു ബേഡിയ ഇനു ക്ലബിൽ കരാർ പുതുക്കില്ല എന്ന് ക്ലബ് തന്നെ ഇന്ന് അറിയിച്ചു. ഒരു ഐ എസ് എൽ ക്ലബിൽ ഏറ്റവും അധികം സമയം ചിലവഴിച്ച വിദേശ താരം എന്ന റെക്കോർഡുമായാണ് എഡു ബേഡിയ ക്ലബ് വിടുന്നത്. അവസാന മൂന്നു സീസണുകളിലായി ക്ലബിന്റെ ക്യാപ്റ്റൻ പദവി കൂടെ എഡു ബേഡിയ വഹിക്കുന്നുണ്ടായിരുന്നു.
ഈ കഴിഞ്ഞ സീസണിൽ ആകെ 18 മത്സരങ്ങൾ ബേഡിയ ഐ എസ് എല്ലിൽ കളിച്ചിരുന്നു. മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റും എഡു ബേഡിയക്ക് സംഭാവന ചെയ്യാൻ ആയിരുന്നു. ഐ എസ് എല്ലിൽ ആകെ 105 മത്സരങ്ങൾ കളിച്ച ബേഡിയ 13 ഗോളും 16 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ഗോവക്ക് ഒപ്പം സൂപ്പർ കപ്പും ഐ എസ് എൽ ഷീൽഡും നേടാനും ബേഡിയക്ക് ആയിട്ടുണ്ട്. ഇനി താരം എങ്ങോട്ട് ആകും പോവുക എന്ന് വ്യക്തമല്ല.