സൗദി അറേബ്യയിലെ പുതിയ കായിക വിപ്ലവം യൂറോപ്യൻ ഫുട്ബോളിന് തലവേദന ആവും എന്നു റിപ്പോർട്ടുകൾ. നിലവിൽ വമ്പൻ തുകക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസീമ, കാന്റെ തുടങ്ങിയ താരങ്ങളെ തങ്ങളുടെ സൗദി പ്രോ ലീഗിൽ എത്തിച്ച സൗദി ഉടൻ യൂറോപ്പിൽ കളിക്കുന്ന മികച്ച യുവതാരങ്ങൾക്ക് പിറകിലും എത്തും എന്നാണ് പുതിയ റിപ്പോർട്ട്.
ലോകത്തിലെ ഏറ്റവും മികച്ച 300 താരങ്ങൾ സൗദിയിൽ കളിക്കണം എന്നാണ് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞത് എന്നും അതിനായുള്ള ശ്രമങ്ങൾ അവർ ഉടൻ തുടങ്ങും എന്നും സ്പാനിഷ് മാധ്യമം ‘മാർക’ റിപ്പോർട്ട് ചെയ്തു. നേരത്തെ വലിയ സ്പോർട്സ് വിപ്ലവം സൗദിയിൽ ഉണ്ടാവും എന്നു പ്രഖ്യാപിച്ച സൽമാൻ അതിന്റെ രൂപരേഖയും പുറത്ത് വിട്ടിരുന്നു. സൗദിയുടെ ശ്രമങ്ങൾ യൂറോപ്പിന് വമ്പൻ വെല്ലുവിളി തന്നെയാവും ഉണ്ടാക്കുക. 2030 തിലെ ഫിഫ ലോകകപ്പ് നടത്തുക എന്ന ലക്ഷ്യത്തിനു അപ്പുറം ആണ് സൗദി അറേബ്യയുടെ ലക്ഷ്യങ്ങൾ എന്നു ഇതിനകം തന്നെ വ്യക്തമാണ്.
നിലവിൽ ഫുട്ബോളിന് പുറമെ ലോകത്തിലെ ഏറ്റവും മികച്ച ഗോൾഫ് താരങ്ങളെ പി.ജി.എ ടൂറിനെ വെല്ലുവിളിച്ച് ‘ലിവ് ഗോൾഫ്’ എന്ന സമാന്തര ടൂർണമെന്റിലൂടെ സൗദിയിൽ എത്തിക്കാനും അവർക്ക് ആയിരുന്നു. ഇതിന് പുറമെ ഫോർമുല വണ്ണിൽ അടക്കം വലിയ മുതൽ മുടക്ക് ആണ് സൗദി ഇറക്കുന്നത്. ഇംഗ്ലണ്ടിൽ ഇതിനു പുറമെ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ക്ലബും അവർ സ്വന്തമാക്കിയിരുന്നു. ഗൾഫ് ആണ് പുതിയ യൂറോപ്പ് എന്നു പരസ്യമായി പ്രഖ്യാപിച്ച സൽമാൻ രാജകുമാരന്റെ ഫുട്ബോൾ/കായിക വിപ്ലവം നൂറ്റാണ്ടുകളുടെ പാരമ്പര്യം ഉള്ള യൂറോപ്യൻ ഫുട്ബോളിന് വലിയ വെല്ലുവിളി തന്നെയാവും സൃഷ്ടിക്കുക എന്നു ഉറപ്പാണ്.