മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ ക്ലബ് വിടും. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു നല്ല ഓഫർ വന്നാൽ മഗ്വയറിനെ വിൽക്കാൻ തയ്യാറാണ് എന്നാണ് റിപ്പോർട്ടുകൾ. മഗ്വയറും മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ക്ലബും മഗ്വയറും തമ്മിൽ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മഗ്വയർ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെ തുടരും. പ്രീമിയർ ലീഗിൽ നിന്ന് മഗ്വയറിന് നല്ല ഓഫർ ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യുണൈറ്റഡ് ക്യാപ്റ്റൻ ആണെങ്കിലും മഗ്വയർ ടെൻ ഹാഹിന്റെ പ്രിയ താരമല്ല. ഈ സീസണിൽ അപൂർവ്വ മത്സരങ്ങളിൽ മാത്രമാണ് മഗ്വയർ യുണൈറ്റഡ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. ഇറങ്ങിയപ്പോൾ ആകട്ടെ അത്ര തൃപ്തികരമായ പ്രകടനമല്ല മഗ്വയറിൽ നിന്ന് ഉണ്ടായത്. ലിസാൻഡ്രോ മാർട്ടിനസ്, വരാനെ, ലിൻഡെലോഫ് എന്തിന് ലൂക് ഷോയ്ക്കും പിറകിൽ മാത്രമാണ് മഗ്വയറിന് സെന്റർ ബാക്ക് പൊസിഷനിൽ ഉള്ള സ്ഥാനം. മാഞ്ചസ്റ്റർ യുണൈറ്റഡ് കിം മിൻ ജേയെ കൂടെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് കൊണ്ട് മഗ്വയർ ക്ലബ് വിടും എന്ന് ഉറപ്പാവുകയാണ്.
2019ൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് ഒരു റെക്കോർഡ് തുകക്ക് ആണ് മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. അന്ന് മുതൽ വലിയ വിമർശനങ്ങൾ താരം നേരിടുന്നുണ്ട്. ഇപ്പോൾ സ്പർസ് ആണ് മഗ്വയറിനായി രംഗത്തുള്ള ടീം.