കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീം നിർത്തിവെക്കുന്നതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. വനിതാ ടീമിന്റെ പ്രവർത്തനങ്ങൾക്ക് താത്കാലിക വിരാമം ഇടുകയാണ് എന്ന് ക്ലബ് ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ പറഞ്ഞു. ഫുട്ബോൾ ഫെഡറേഷൻ ക്ലബ്ബിന്മേൽ അടുത്തിടെ വിധിച്ച വലിയ പിഴ ഉണ്ടാക്കിയ സാമ്പത്തിക സ്ഥിതി ആണ് ഈ തീരുമാനത്തിലേക്ക് ക്ലബിനെ എത്തിച്ചത് എന്നും ക്ലബ് പറയുന്നു.
ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അധികാരത്തെയും തീരുമാനങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നുണ്ടെങ്കിലും, ഞങ്ങളുടെ ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങളെ ഈ സാമ്പത്തിക പ്രതിസന്ധി ബാധിക്കും എന്ന് ക്ലബ് പറഞ്ഞു. വളരെ മികച്ചതും പ്രതീക്ഷ നൽകുന്നതുമായ ആദ്യ സീസൺ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് വനിതകൾക്ക് ഉണ്ടായിരുന്നത്. അവർ കേരള വനിതാ ലീഗിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.
ഈ വർഷം ഞങ്ങളുടെ വനിതാ ടീമിനായി വലിയ നിക്ഷേപങ്ങൾ ക്ലബ്ബിന് പദ്ധതിയുണ്ടായിരുന്നു എന്നും ഇനി അത് സാധ്യമല്ല എന്നും ക്ലബ് അറിയിച്ചു. ടീമിന്റെ പ്രവർത്തനം നിർത്തുന്നത് താൽക്കാലികമാണ്. സാമ്പത്തിക പ്രശ്നങ്ങൾ തീർന്നാൽ ഞങ്ങൾ ഞങ്ങളുടെ വനിതാ ടീമിനെ പുനഃസ്ഥാപിക്കും. ക്ലബ് പറഞ്ഞു.