സമീപകാലത്തെ ഏറ്റവും കഠിനമായ സീസനിലൂടെ കടന്ന് പോയ ബയേൺ മ്യൂണിച്ച്, ടീം തലപ്പത്ത് അഴിച്ചു പണി നടത്തുന്നു. ഒലിവർ ഖാനേയും സാലിമിസിച്ചിനേയും ടീം ഉടനെ പുറത്താക്കുമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അടിമുടി അഴിച്ചു പണിയാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്. പ്രതിസന്ധികൾക്ക് ഇടയിലും സീസണിലെ അവസാന മത്സരത്തിൽ വിജയം നേടി ഒരിക്കൽ കൂടി ബുണ്ടസ്ലീഗ കിരീടം നേടിയതിന് പിറകെയാണ് ഈ തീരുമാനം എന്നതും പ്രത്യേകതയാണ്. ടീമിന്റെ സീഈഓ സ്ഥാനത്തേക്ക് ഒലിവർ ഖാന് പകരം ആരെത്തും എന്ന് “കിക്കർ” സൂചന നൽകുന്നുണ്ട്. ഡയറക്ടർ സ്ഥാനത്ത് സാലിഹാമിസിച്ചിന് പകരം ആരു വരും എന്ന് ഇതുവരെ സൂചനയില്ല.
നേരത്തെ, ഇന്നത്തെ അതിനിർണായകമായ ബയേണിന്റെ മത്സരം കാണാൻ ഒലിവർ ഖാൻ എത്താതിരുന്നപ്പോൾ തന്നെ മാറ്റങ്ങൾക്കുള്ള ചെറിയ സൂചനകൾ ലഭിച്ചിരുന്നു. ടീമിന്റെ സൂപ്പർവീഷറി ബോർഡിന്റെ പെട്ടെന്ന് വിളിച്ചു ചേർക്കപ്പെട്ട മീറ്റിങ്ങിൽ ആണത്രേ ഈ തീരുമാനങ്ങൾ ഉണ്ടായത്. നിലവിൽ ടീമിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറും ഡെപ്യൂട്ടി സിഈഓയും ആയ ജാൻ ക്രിസ്റ്റ്യൻ ഡ്രീസൻ ആവും ഒലിവർ ഖാന്റെ പകരക്കാരൻ ആവുന്നത്. അതേ സമയം ലീഗിലെ അവസാന മത്സരത്തിലെ വിജയത്തോടെ തുടർച്ചയായ പതിനൊന്നാം ബുണ്ടസ്ലീഗ കിരീടം നേടാൻ ബയേണിനായിരുന്നു.
Download the Fanport app now!