ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 182/8 എന്ന സ്കോര്‍ നേടി മുംബൈ ഇന്ത്യന്‍സ്. കാമറൺ ഗ്രീന്‍ – സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ട് മുംബൈയെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ നിന്ന് നവീന്‍ ഉള്‍ ഹക്ക് 4 വിക്കറ്റ് നേടിയാണ് മുംബൈയെ പ്രതീരോധത്തിലാക്കിയത്. യഷ് താക്കൂര്‍ 3 വിക്കറ്റ് നേടി സമ്മര്‍ദ്ദം സൃഷ്ടിച്ചു.
മികച്ച തുടക്കം മുംബൈയ്ക്ക് ഓപ്പണര്‍മാര്‍ നൽകിയെങ്കിലും സ്കോര്‍ 30ൽ നിൽക്കുമ്പോള്‍ രോഹത്തിനെ(11) ടീമിന് നഷ്ടമായി. അധികം വൈകാതെ ഇഷാന്‍ കിഷന്റെ(15) വിക്കറ്റും മുംബൈയ്ക്ക് നഷ്ടമായി. അവിടെ നിന്ന് കാമറൺ ഗ്രീന്‍ – സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ട് മുംബൈയെ മുന്നോട്ട് നയിക്കുകയായിരുന്നു. 66 റൺസാണ് ഈ കൂട്ടുകെട്ട് മുംബൈയ്ക്കായി നേടിയത്.
രോഹിത്തിനെ പുറത്താക്കിയ നവീന്‍ ഉള്‍ ഹക്ക് സൂര്യകുമാര്‍ യാദവിനെ പുറത്താക്കിയപ്പോള്‍ അതേ ഓവറിൽ കാമറൺ ഗ്രീനിന്റെ വിക്കറ്റും താരം നേടി. സൂര്യകുമാര്‍ യാദവ് 20 പന്തിൽ 33 റൺസ് നേടിയപ്പോള്‍ കാമറൺ ഗ്രീന്‍ 23 പന്തിൽ 41 റൺസ് നേടി.
104/2 എന്ന നിലയിൽ നിന്ന് 11 ഓവര്‍ പിന്നിടുമ്പോള്‍ 105/4 എന്ന നിലയിലായിരുന്ന മുംബൈയെ ടിം ഡേവിഡും തിലക് വര്‍മ്മയും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ 43 റൺസ് കൂട്ടിചേര്‍ത്ത് മുന്നോട്ട് നയിച്ചുവെങ്കിലും 13 റൺസ് നേടിയ ടിം ഡേവിഡിനെ യഷ് താക്കൂര്‍ പുറത്താക്കുകയായിരുന്നു.
നെഹാൽ വദേര 12 പന്തിൽ 23 റൺസ് നേടിയാണ് മുംബൈയെ 182 റൺസിലേക്ക് എത്തിച്ചത്.