ഐപിഎൽ 2023ന്റെ ലീഗ് ഘട്ടം അവസാനിക്കുവാന്‍ ഒരു ദിവസം ഉള്ളപ്പോള്‍ പ്ലേ ഓഫിലേക്കുള്ള മൂന്നാമത്തെ ടീമും തീരുമാനമായി. ഇന്ന് ചെന്നൈ പ്ലേ ഓഫ് ഉറപ്പാക്കിയതിന് തൊട്ടുപിന്നാലെ ലക്നൗവും പ്ലേ ഓഫ് ഉറപ്പാക്കി. എന്നാൽ ടീമിന് മൂന്നാം സ്ഥാനം മാത്രമായിരുന്നു നേടാനായത്.
177 റൺസ് ലക്ഷ്യം തേടിയിറങ്ങിയ കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് മാത്രമേ നേടാനായുള്ളു. ജേസൺ റോയിയും റിങ്കു സിംഗും മാത്രമാണ് കൊൽക്കത്ത ബാറ്റിംഗിൽ തിളങ്ങിയത്. അവസാന ഓവറിൽ 21 റൺസ് വേണ്ടപ്പോള്‍ റിങ്കുവിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തിൽ കൊൽക്കത്തയ്ക്ക് ഓവറിൽ നിന്ന് 19 റൺസ് മാത്രമേ നേടാനായുള്ളു.
വെങ്കിടേഷ് അയ്യരും ജേസൺ റോയിയും കൂടി മികച്ച തുടക്കമാണ് കൊൽക്കത്തയ്ക്കായി നൽകിയത്. ഇരുവരും ചേര്‍ന്ന് 5.5 ഓവറി 61 റൺസാണ് നേടിയത്. വെങ്കിടേഷ് അയ്യരെ കൃഷ്ണപ്പ ഗൗതം ആണ് പുറത്താക്കിയത്. 15 പന്തിൽ 24 റൺസായിരുന്നു അയ്യരുടെ സംഭാവന. അധികം വൈകാതെ നിതീഷ് റാണയെ രവി ബിഷ്ണോയി പുറത്താക്കിയപ്പോള്‍ 8.3 ഓവറിൽ കൊൽക്കത്ത 78/2 എന്ന നിലയിലായിരുന്നു.
പത്താം ഓവറിന്റെ അവസാന പന്തിൽ ജേസൺ റോയിയുടെ വിക്കറ്റ് കൊൽക്കത്തയ്ക്ക് നഷ്ടമായി. 28 പന്തിൽ 45 റൺസ് നേടിയ താരത്തെ ക്രുണാൽ പാണ്ഡ്യയാണ് പുറത്താക്കിയത്. ഇതോടെ 10 ഓവറിൽ 82/3 എന്ന നിലയിലായിരുന്നു കൊൽക്കത്ത.
റിങ്കുവിന് പിന്തുണ നൽകുവാന് റഹ്മാനുള്ള ഗുര്ബാസിനോ ആന്‍ഡ്രേ റസ്സലിനോ സാധിക്കാതെ പോയപ്പോള്‍ അവസാന നാലോവറിൽ 56 റൺസായിരുന്നു കൊൽക്കത്ത നേടേണ്ടിയിരുന്നത്. റസ്സലിനെ വീഴ്ത്തിയത് രവി ബിഷ്ണോയി ആയിരുന്നു. ശര്‍ദ്ധുൽ താക്കൂറിന്റെ വിക്കറ്റ് യഷ് താക്കൂര്‍ ആണ് വീഴ്ത്തിയത്.
അതേ ഓവറിൽ സുനിൽ നരൈന് റണ്ണൗട്ട് കൂടിയായപ്പോള്‍ 12 പന്തിൽ 41 റൺസായിരുന്നു കൊൽക്കത്തയുടെ വിജയലക്ഷ്യം. ആകെ പ്രതീക്ഷ റിങ്കു സിംഗായിരുന്നു. റിങ്കു സിംഗ് നവീന്‍ ഉള് ഹക്ക് എറിഞ്ഞ 19ാം ഓവറിൽ ഹാട്രിക്ക് ഫോറുകളും ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് 20 റൺസ് പിറന്നു. ഇതോടെ ലക്ഷ്യം അവസാന ഓവറിൽ 21 റൺസായി മാറി.
എന്നാൽ അവസാന ഓവറിൽ ആദ്യ മൂന്ന് പന്തുകളിൽ വലിയ ഷോട്ട് കളിക്കാനാകാതെ പോയ റിങ്കു അവസാന മൂന്ന് പന്തിൽ നിന്ന് രണ്ട് സിക്സും ഒരു ഫോറും നേടിയെങ്കിലും 1 റൺസ് വിജയവുമായി ലക്നൗ പ്ലേ ഓഫിലേക്ക് കടന്നു. റിങ്കു സിംഗ് 33 പന്തിൽ 67 റൺസുമായി പുറത്താകാതെ നിന്നു.