ഹെയിന്റിച്ച് ക്ലാസ്സന്റെ ബാറ്റിംഗ് മികവിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 186 റൺസ് നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. അഭിഷേക് ശര്‍മ്മയെയും(11), രാഹുല്‍ ത്രിപാഠിയെയും(15) ഒരേ ഓവറിൽ മൈക്കൽ ബ്രേസ്വെൽ പുറത്താക്കിയപ്പോള്‍ 28/2 എന്ന നിലയിലേക്ക് സൺറൈസേഴ്സ് വീണു.
അവിടെ നിന്നു മൂന്നാം വിക്കറ്റിൽ 76 റൺസ് നേടി ഹെയിന്റിച്ച് ക്ലാസ്സന് – എയ്ഡന്‍ മാര്‍ക്രം കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 49/2 എന്ന നിലയിലായിരുന്ന സൺറൈസേഴ്സ് പത്തോവര്‍ കടക്കുമ്പോള്‍ 81 റൺസായിരുന്നു നേടിയത്.
ക്ലാസ്സന് 24 പന്തിൽ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രത്തിന് തന്റെ ഇന്നിംഗ്സിന് വേഗത കൂട്ടുവാന്‍ കഴിഞ്ഞില്ല. 20 പന്തിൽ നിന്ന് 18 റൺസായിരുന്നു സൺറൈസേഴ്സ് നായകന് എയ്ഡന്‍ മാര്‍ക്രം നേടിയത്. മാര്‍ക്രം പുറത്താക്കുമ്പോള്‍ 104/3 എന്ന നിലയിലായിരുന്നു സൺറൈസേഴ്സ്. ക്ലാസ്സനും ഹാരി ബ്രൂക്കും അതിവേഗത്തിൽ സ്കോറിംഗ് തുടര്‍ന്നപ്പോള്‍ നാലാം വിക്കറ്റിൽ 74 റൺസാണ് സൺറൈസേഴ്സ് നേടിയത്.
49 പന്തിൽ നിന്ന് ക്ലാസ്സന് തന്റെ ശതകം തികച്ചപ്പോള്‍ താരം 51 പന്തിൽ 101 റൺസിന് പുറത്തായി. 8 ഫോറും 6 സിക്സുമാണ് ക്ലാസ്സന്റെ സംഭാവന. ഹാരി ബ്രൂക്ക് 19 പന്തിൽ പുറത്താകാതെ 27 റൺസ് നേടി. 4 ഓവറിൽ വെറും 17 റൺസ് മാത്രം വിട്ട് നൽകിയ മൊഹമ്മദ് സിറാജ് ആണ് ആര്‍സിബി ബൗളര്‍മാരിൽ തിളങ്ങിയത്.