ചാമ്പ്യൻഷിപ്പ് ക്ലബായ മിഡിൽസ്ബ്രോയിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മൈക്കിൾ കാരിക്ക് അത്ഭുതങ്ങൾ കാണിക്കുകയാണ്. കാരിക്ക് മുഖ്യ പരിശീലകനായി ചുമതലയേൽക്കുമ്പോൾ റിലഗേഷൻ ഭീഷണിയിൽ ആയിരുന്ന ക്ലബ് ഇപ്പോൾ പ്ലേ ഓഫ് സെമിയിൽ എത്തിയിരിക്കുകയാണ്. മിഡിൽസ്ബ്രോ നടത്തിയ ഈ മുന്നേറ്റം അവിസ്മരണീയമായിരുന്നു എന്ന് പറയാം. കാരിക്കിന്റെ ഹെഡ് കോച്ചായുള്ള ആദ്യ ചുമതല ആയിരുന്നു മിഡിൽസ്ബ്രോ. കാരിക്ക് അവിടെ എത്തുന്ന സമയത്ത് ക്ലബ് 22ആം സ്ഥാനത്ത് നിന്ന് കഷ്ടപ്പെടുക ആയിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ചാമ്പ്യൻഷിപ്പ് അവസാനിച്ചപ്പോൾ ആ മിഡിൽസ്ബ്രോ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുകയാണ്. ക്ലബ് ഇപ്പോൾ പ്രൊമോഷൻ സ്വപ്നങ്ങളിൽ ആണ്. റിലഗേഷനെ ഭയന്നിരുന്ന ക്ലബാണ് അടുത്ത ആഴ്ച പ്ലേ ഓഫ് സെമി ഫൈനലിൽ കൊവെൻട്രി സിറ്റിയെ നേരിടാൻ ഒരുങ്ങുന്നത്.
കാരിക്കിന്റെ കീഴിൽ മിഡിൽസ്ബ്രോ അവരുടെ കളി ശൈലി തന്നെ മാറ്റിയിരുന്നു. ബാഴ്സലോണയിലും പെപ് ഗ്വാർഡിയോളോയുടെ ടീമിലുമെല്ലാം കണ്ടുവരുന്ന പൊസഷൻ ഫുട്ബോളും കുറുകിയ പാസുകളും ആണ് കാരിക്കിന്റെ കോച്ചിംഗിനെ ഭംഗിയുള്ളതാക്കുന്നത്. 46 മത്സരങ്ങളിൽ നിന്ന് 75 പോയിന്റുമായാണ് ക്ലബ് നാലാമത് ഫിനിഷ് ചെയ്തത്. ചാമ്പ്യന്മാരായ ബേർൺലി കഴിഞ്ഞാൽ ലീഗിൽ ഏറ്റവും കൂടുതൽ ഗോളടിച്ചത് കാരിക്കിന്റെ ടീമാണ്.
മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ സഹ പരിശീലകന്റെ വേഷത്തിൽ ഉണ്ടായിരുന്ന കാരിക്ക് കുറച്ച് മത്സരങ്ങളിൽ യുണൈറ്റഡ് ടീമിന്റെ കെയർ ടേക്കർ മാനേജറും ആയിരുന്നു. കളത്തിൽ യുണൈറ്റഡിമായി ഇതിഹാസം തീർത്ത താരം കൂടിയാണ് കാരിക്ക്. ഇനി താരത്തിന് പ്രീമിയർ ലീഗിലേക്ക് ക്ലബിനെ എത്തിക്കാൻ ആയാൽ അത് കാരിക്ക് എന്ന പരിശീലകനെ ലോക ശ്രദ്ധിക്കാൻ തുടങ്ങുന്ന സമയത്തിന്റെ തുടക്കമാകും.