സൺറൈസേഴ്സിനെതിരെ 5 റൺസ് വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഒരു ഘട്ടത്തിൽ സൺറൈസേഴ്സിനെ വിജയത്തിലേക്ക് എയ്ഡന്‍ മാര്‍ക്രം – ഹെയിന്‍റിച്ച് ക്ലാസ്സന്‍ കൂട്ടുകെട്ട് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇരുവരെയും പുറത്താക്കിയ കൊൽക്കത്തയ്ക്ക് വെല്ലുവിളിയായി അബ്ദുള്‍ സമദ് മാറുകയായിരുന്നു. എന്നാൽ അവസാന ഓവറിൽ 9 റൺസ് വിജയത്തിനായി വേണ്ടപ്പോള്‍ അബ്ദുള്‍ സമദിന്റെ വിക്കറ്റ് നേടിയ വരുൺ ചക്രവര്‍ത്തി വെറും 3 റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ 172 റൺസ് ചേസ് ചെയ്തിറങ്ങിയ സൺറൈസേഴ്സിന് 166/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.
മയാംഗ് അഗര്‍വാള്‍ മികച്ച തുടക്കമാണ് സൺറൈസേഴ്സിന് നൽകിയത്. 2.5 ഓവറിൽ 29 റൺസിൽ നിൽക്കുമ്പോള്‍ മയാംഗിനെ സൺറൈസേഴ്സിന് നഷ്ടമായി. 11 പന്തിൽ 18 റൺസായിരുന്നു താരം നേടിയത്. തൊട്ടടുത്ത ഓവറിൽ അഭിഷേക് ശര്‍മ്മയുടെ വിക്കറ്റും സൺറൈസേഴ്സിന് നഷ്ടമായി.
9 പന്തിൽ 20 റൺസ് നേടി അപകടകാരിയായി മാറുകയായിരുന്നു രാഹുല്‍ ത്രിപാഠിയെ പുറത്താക്കി ആന്‍ഡ്രേ റസ്സൽ സൺറൈസേഴ്സിന് ശക്തമായ തിരിച്ചടി നൽകുകയായിരുന്നു. മോശം ഫോം തുടര്‍ന്ന ഹാരി ബ്രൂക്ക് പൂജ്യത്തിന് പുറത്തായപ്പോള്‍ സൺറൈസേഴ്സ് 54/4 എന്ന നിലയിലായി.
അഞ്ചാം വിക്കറ്റിൽ ഒത്തുകൂടിയ ഹെയിന്‍റിച്ച് ക്ലാസ്സന്‍ – എയ്ഡന്‍ മാര്‍ക്രം കൂട്ടുകെട്ട് സൺറൈസേഴ്സിനെ തിരികെ ട്രാക്കിലേക്ക് എത്തിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇരുവരും ചേര്‍ന്ന് അവസാന ആറോവറിലെ ലക്ഷ്യം 48 റൺസാക്കി മാറ്റുകയായിരുന്നു.
എന്നാൽ 15ാം ഓവര്‍ എറിയുവാനെത്തിയ ശര്‍ദ്ധുൽ താക്കൂര്‍ ക്ലാസ്സന്റെ വിക്കറ്റ് നേടി കൂട്ടുകെട്ട് തകര്‍ത്തു. മാര്‍ക്രം – സമദ് കൂട്ടുകെട്ട് 16 ഓവറിൽ സൺറൈസേഴ്സിനെ 138/5 എന്ന സ്കോറിലെത്തിച്ചപ്പോള്‍ അവസാന നാലോവറിൽ ടീം നേടേണ്ടിയിരുന്നത് 34 റൺസായിരുന്നു.
വൈഭവ് അറോറ എറിഞ്ഞ 17ാം ഓവറിൽ അബ്ദുള്‍ സമദ് ബൗണ്ടറി നേടിതുടങ്ങിയെങ്കിലും എയ്ഡന്‍ മാര്‍ക്രത്തിന്റെ വിക്കറ്റ് സൺറൈസേഴ്സിന് നഷ്ടമായത് വലിയ തിരിച്ചടിയായി. ആദ്യ പന്തിലെ ബൗണ്ടറിയ്ക്ക് ശേഷം വലിയ ഷോട്ടുകള്‍ വരാതിരുന്നപ്പോള്‍ ഓവറിൽ നിന്ന് വെറും 8 റൺസാണ് വന്നത്. 41 റൺസ് നേടിയാണ് മാര്‍ക്രം പവലിയനിലേക്ക് മടങ്ങിയത്.
വരുൺ ചക്രവര്‍ത്തി കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ ഓവറിൽ നിന്ന് 5 റൺസ് മാത്രമാണ് സൺറൈസേഴ്സിന് നേടാനായത്. അവസാന രണ്ടോവറിൽ 21 റൺസാണ് സൺറൈസേഴ്സ് നേടേണ്ടിയിരുന്നത്. അടുത്ത ഓവറിൽ മാര്‍ക്കോ ജാന്‍സനെ വൈഭവ് അറോറ പുറത്താക്കിയപ്പോള്‍ അടുത്ത പന്തിൽ ബൗണ്ടറി നേടി ഭുവനേശ്വര്‍ കുമാര്‍ സൺറൈസേഴ്സ് ക്യാമ്പിൽ പ്രതീക്ഷ നൽകി. സമദും നിര്‍ണ്ണായക പ്രഹരങ്ങള്‍ ഏല്പിച്ചപ്പോള്‍ അവസാന ഓവറിൽ 9 റൺസായിരുന്നു സൺറൈസേഴ്സിന്റെ ലക്ഷ്യം.
അവസാന ഓവറിൽ 9 റൺസ് പ്രതിരോധിക്കുവാന്‍ നിതീഷ് റാണ വരുൺ ചക്രവര്‍ത്തിയെയാണ് ഏല്പിച്ചത്. അപകടകാരിയായ അബ്ദുള്‍ സമദിനെ പുറത്താക്കി താരം ക്യാപ്റ്റന്റെ വിശ്വാസം കാത്തപ്പോള്‍ മൂന്ന് പന്തിൽ നിന്ന് ഏഴ് റൺസായിരുന്നു സൺറൈസേഴ്സ് നേടേണ്ടിയിരുന്നത്.
സമദ് 18 പന്തിൽ 21 റൺസ് നേടി അവസാന ഓവറിൽ വരുൺ ചക്രവര്‍ത്തിയ്ക്ക് വിക്കറ്റ് നൽകിയതും സൺറൈസേഴ്സിന്റെ വിജയ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി. അവസാന പന്തിൽ 6 റൺസ് ജയത്തിനായി വേണ്ടപ്പോള്‍ ഭുവനേശ്വര്‍ കുമാറിന് റൺസ് ഒന്നും നേടാനാകാതെ പോയപ്പോള്‍ വരുൺ ചക്രവര്‍ത്തി ഓവറിൽ വെറും 3 റൺസ് മാത്രമാണ് വിട്ട് നൽകിയത്.