സൺറൈസേഴ്സ് ഹൈദ്രാബാദിനെിരെ ഒരു ഘട്ടത്തിൽ 35/3 എന്ന നിലയിലേക്ക് വീണ ശേഷം ടീമിനെ 171 റൺസിലെത്തുവാന്‍ സഹായിച്ച് നിതീഷ് റാണയും റിങ്കു സിംഗും. ഇരുവര്‍ക്കുമൊപ്പം ആന്‍ഡ്രേ റസ്സലും നിര്‍ണ്ണായക സംഭാവനയാണ് നൽകിയത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമാകുകയായിരുന്നു. റഹ്മാനുള്ള ഗുര്‍ബാസിനെയും വെങ്കിടേഷ് അയ്യരെയും മാര്‍ക്കോ ജാന്സന് പുറത്താക്കിയപ്പോള്‍ 20 റൺസ് നേടിയ ജേസൺ റോയിയുടെ വിക്കറ്റ് കാര്‍ത്തിക് ത്യാഗി നേടി.
പിന്നീട് നിതീഷ് റാണ – റിങ്കു സിംഗ് കൂട്ടുകെട്ട് 61 റൺസ് നേടി കൊൽക്കത്തയെ മുന്നോട്ട് നയിച്ചുവെങ്കിലും 31 പന്തിൽ 42 റൺസ് നേടിയ നിതീഷ് റാണയെ എയ്ഡന്‍ മാര്‍ക്രം സ്വന്തം ബൗളിംഗിൽ പിടിച്ച് പുറത്താക്കുകയായിരുന്നു. റസ്സൽ 15 പന്തിൽ 24 റൺസ് നേടി പുറത്തായപ്പോള്‍ അഞ്ചാം വിക്കറ്റിൽ 31 റൺസാണ് റിങ്കു – റസ്സൽ കൂട്ടുകെട്ട് നേടിയത്. ഇതിൽ ബഹുഭൂരിഭാഗം സ്കോറിംഗും റസ്സലാണ് നടത്തിയത്.
സുനിൽ നരൈനെ തൊട്ടടുത്ത ഓവറിൽ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സ് 130/6 എന്ന നിലയിലേക്ക് വീണു. പിന്നീട് റിങ്കു കൊല്‍ക്കത്തയെ മുന്നോട്ട് നയിക്കുന്നതാണ് കണ്ടത്. അവസാന ഓവറിൽ 35 പന്തിൽ നിന്ന് 46 റൺസ് നേടിയ റിങ്കു പുറത്തായപ്പോള്‍ നടരാജന് മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. അനുകുൽ റോയ് 7 പന്തിൽ 13 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത 171 റൺസ് നേടിയത്.