ലയണൽ മെസ്സി പി എസ് ജി വിടും എന്ന് ഉറപ്പായി. ഈ ജൂണിൽ കരാർ അവസാനിക്കുന്നതോടെ മെസ്സി പാരീസ് വിടും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മെസ്സിയും പി എസ് ജിയും തമ്മിലുള്ള ചർച്ചകൾ എല്ലാം അവസാനിച്ചിരിക്കുകയാണ്. ഇനി മെസ്സി അടുത്ത സീസണിൽ എങ്ങോട്ടു പോകും എന്നത് മാത്രമാകും ലോക ഫുട്ബോൾ ഉറ്റുനോക്കുന്നത്. മെസ്സിയെ കഴിഞ്ഞ ദിവസം പി എസ് ജി രണ്ടാഴ്ചത്തേക്ക് വിലക്കിയിരുന്നു. ഇതുകൂടെ ആയതോടെ മെസ്സിയും ക്ലബുമായുള്ള ബന്ധം പൂർണ്ണമായും വഷളായിരിക്കുകയാണ്.
മെസ്സിയെ തിരികെ കൊണ്ടുവരാൻ ബാഴ്സലോണ ശ്രമിക്കുന്നുണ്ട് എങ്കിലും ലാലിഗയും ബാഴ്സലോണയും തമ്മിലുള്ള പ്രശ്നങ്ങൾ കാരണം മെസ്സിയെ തിരികെ കാറ്റലൻ ക്ലബിലേക്ക് എത്തിക്കുക ഒട്ടും എളുപ്പമായിരിക്കില്ല. മെസ്സിയെ സ്വന്തമാക്കാൻ മുമ്പ് ശ്രമിച്ചിട്ടുള്ള മാഞ്ചസ്റ്റർ സിറ്റി ചിലപ്പോൾ മെസ്സിയെ ടീമിൽ എത്തിക്കാൻ ശ്രമിക്കും. മെസ്സിക്ക് വേണ്ടി സൗദി അറേബ്യയിൽ നിന്ന് അൽ ഹിലാലിന്റെ ഓഫറും നിലവിൽ ഉണ്ട്.
രണ്ട് സീസൺ മുമ്പ് ആയിരുന്നു മെസ്സി ബാഴ്സലോണ വിട്ട് പി എസ് ജിയിൽ എത്തിയത്. മെസ്സി-നെയ്മർ-എംബപ്പെ എന്ന സ്വപ്ന ഫോർവേഡ് എല്ലാവരും വലിയ ആകാംക്ഷയോടെ ഉറ്റു നോക്കി എങ്കിലും ആ കൂട്ടുകെട്ടിന് ഒരു ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ആയില്ല എന്നത് മെസ്സിയെ ഫ്രാൻസിലേക്ക് ഉള്ള നീക്കം പരാജയമായി വിലയിരുത്ത പെടാൻ കാരണമായി.