ജൂഡ് ബെല്ലിങ്ഹാമിന്റെ ഭാവി റയൽ മാഡ്രിഡിനൊപ്പം തന്നെയെന്ന് ഉറപ്പായി. താരത്തെ എത്തിക്കാനുള്ള നീക്കങ്ങളിൽ അവസാന ഘട്ടത്തിലാണ് റയൽ എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ചർച്ചകൾ അവസാന ഘട്ടത്തിലാണ്. വ്യക്തിപരമായ കരാറിൽ ഏകദേശ ധാരണയിലും ആയിട്ടുണ്ട്. അവസാന വട്ട ചർച്ചകൾ കൂടിയാണ് ബാക്കിയുള്ളത്. ഡോർട്മുണ്ടുമായി ചർച്ചകൾക്ക് റയൽ സമയം കുറിച്ചിട്ടുണ്ടെന്നും റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. കൈമാറ്റ തുകയെ കുറിച്ച് റിപോർട്ടിൽ സൂചന ഇല്ലെങ്കിലും ഡോർട്മുണ്ടിനോട് വിലപേശാൻ തന്നെയാവും റയലിന്റെ നീക്കം.
നേരത്തെ ഇംഗ്ലീഷ് താരത്തിന് വേണ്ടി പ്രീമിയർ ലീഗ് വമ്പന്മാർ രംഗത്ത് ഉണ്ടായിരുന്നെങ്കിലും മാഡ്രിഡ് ആയിരിക്കും ബെല്ലിങ്ഹാമിന്റെ ഭാവി ടീം എന്ന് തുടക്കം മുതൽ സൂചനകൾ ഉണ്ടായിരുന്നു. ലിവർപൂൾ ആണ് താരത്തിന് വേണ്ടി തുടക്കം മുതൽ നീക്കങ്ങൾ നടത്തിയ മറ്റൊരു ടീം. സിറ്റിയുടെ പേരും ഇടക്ക് പുറത്തു വന്നിരുന്നു. അതേ സമയം മാഡ്രിഡ് ബെല്ലിങ്ഹാമിന് വേണ്ടി കഴിഞ്ഞ ഒരു വർഷത്തിൽ കൂടുതൽ ആയി നീക്കങ്ങൾ നടത്തി കൊണ്ടിരിക്കുകയാണെന്ന് മാർക റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 30 ഓടെ റയൽ താരമാകുന്ന ജൂഡ്, 2029 വരെയുള്ള കരാറിൽ ആവും ഒപ്പിടുക എന്നാണ് മാർക നൽകുന്ന സൂചന. ഡോർട്മുണ്ട് പ്രതീക്ഷിക്കുന്ന 140 മില്യൺ യൂറോ എന്ന കൈമാറ്റ തുകയിൽ കുറഞ്ഞ തുകക്ക് വേണ്ടി റയൽ സമ്മർദ്ദം ചെലുത്തും എന്നും മാർക പറയുന്നു. മാഡ്രിഡിന്റെ സ്കൗട്ട് ഹെഡ് യൂനി കലഫറ്റ് തന്നെയാണ് നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. അടുത്തിടെ ചൗമേനി, കമാവിംഗ, റോഡ്രിഗോ, വിനിഷ്യസ്, വാൽവേർടേ തുടങ്ങി അതീവ പ്രതിഭാധനരായ താരങ്ങളെ എത്തിച്ച് ടീമിന് ശക്തി പകരാൻ പിൻനിരയിൽ പ്രവർത്തിച്ചതും ഇദ്ദേഹം തന്നെ. ക്രൂസ്, മോഡ്രിച്ച്, കസേമിരോ ത്രയത്തിന് ശേഷം അതിനൊത്ത മധ്യ നിര ഒരുക്കി എടുക്കാനുള്ള റയലിന്റെ നീക്കങ്ങൾ ഫലപ്രാപ്തിയിലേക്ക് എത്തുകയാണ് ബെല്ലിങ്ഹാമിലൂടെ.