സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ 9 റൺസ് തോൽവി ഡൽഹി വഴങ്ങിയപ്പോള്‍ തന്റെ ഓള്‍റൗണ്ട് മികവിന് പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചത് ഡൽഹിയുടെ മിച്ചൽ മാര്‍ഷിനായിരുന്നു. 4 വിക്കറ്റ് നേടിയ താരം 39 പന്തിൽ നിന്ന് 63 റൺസാണ് നേടിയത്.
ഫിലിപ്പ് സാള്‍ട്ടുമായി 112 റൺസ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടി ഡൽഹിയുടെ വിജയ സാധ്യത സജീവമായി നിര്‍ത്തുവാന്‍ മാര്‍ഷിന് സാധിച്ചുവെങ്കിലും മാര്‍ഷും സാള്‍ട്ടും പുറത്തായ ശേഷം പിന്നീട് ഡൽഹി പിന്നിൽ പോകുന്നതാണ് കണ്ടത്. തോൽവിയിൽ ഏറെ നിരാശയുണ്ടെന്നാണ് മിച്ചൽ മാര്‍ഷ് ആദ്യം പ്രതികരിച്ചത്.
താന്‍ ടൂര്‍ണ്ണമെന്റിൽ ശ്രദ്ധേയമായ സംഭാവന നൽകുവാന്‍ ഏറെ സമയം എടുത്തുവെന്നും സാള്‍ട്ടുമായുള്ള മികച്ച കൂട്ടുകെട്ട് നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനാകാത്തതിൽ വിഷമമുണ്ടെന്നും മാര്‍ഷ് പറഞ്ഞു. വിക്കറ്റ് മത്സരം പുരോഗമിക്കുമ്പോളേക്കും സ്ലോ ആയെന്നും സൺറൈസേഴ്സ് ബാറ്റര്‍മാര്‍ മികച്ച രീതിയിലാണ് ടീമിനെ 197 റൺസിലേക്ക് നയിച്ചതെന്നും മാര്‍ഷ് വ്യക്തമാക്കി.