ഇന്ത്യൻ ഗുസ്തി താരങ്ങൾ റെസ്ലിംഗ് ഫെഡറേഷൻ സമരങ്ങൾ നടത്തുമ്പോൾ ക്രിക്കറ്റ് കളിക്കാരുടെയും മറ്റ് നിരവധി മുൻനിര ഇന്ത്യൻ കായികതാരങ്ങളുടെയും നിശബ്ദതയെ ചോദ്യം ചെയ്ത് വിനേഷ് ഫോഗട്ട്. രാജ്യത്തെ മുൻനിര ക്രിക്കറ്റ് താരങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം ഫോഗട്ട് നടത്തി. അത്ലറ്റുകൾ എന്തെങ്കിലും നേടുമ്പോൾ അഭിനന്ദിക്കാൻ വരുന്നവർ ഈ വിഷയത്തിൽ നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചു.
രാജ്യം മുഴുവൻ ക്രിക്കറ്റിനെ ആരാധിക്കുന്നു, പക്ഷേ ഒരു ക്രിക്കറ്റ് താരം പോലും മിണ്ടിയില്ല. നിങ്ങൾ ഞങ്ങൾക്ക് അനുകൂലമായി സംസാരിക്കുന്നു എന്ന് ഞങ്ങൾ പറയുന്നില്ല, മറിച്ച് ഒരു നിഷ്പക്ഷ അഭിപ്രായം എങ്കിലും പറയാമല്ലോ. നീതി ലഭിക്കണമെന്ന് എങ്കിലും പറയുക. ഇതും പറയുന്നില്ല എന്നതാണ് എന്നെ വേദനിപ്പിക്കുന്നത്. അത് ക്രിക്കറ്റ് താരങ്ങളായാലും ബാഡ്മിന്റൺ താരങ്ങളായാലും അത്ലറ്റിക്സായാലും ബോക്സിങ്ങായാലും. ഫൊഗാട്ട് പറയുന്നു
“യുഎസിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ മൂവ്മെന്റിന്റെ സമയത്ത് അവർ പിന്തുണ അറിയിച്ചു. ഞങ്ങൾ അത്രയും അർഹിക്കുന്നില്ലേ,” അവർ ചോദിച്ചു.
“ഞങ്ങൾ എന്തെങ്കിലും വിജയിക്കുമ്പോൾ ഞങ്ങളെ അഭിനന്ദിക്കാൻ നിങ്ങൾ മുന്നോട്ടുവരുന്നു. അത് സംഭവിക്കുമ്പോൾ ക്രിക്കറ്റ് താരങ്ങൾ പോലും ട്വീറ്റ് ചെയ്യുന്നു. ഇപ്പോൾ എന്താണ് സംഭവിച്ചത്? നിങ്ങൾക്ക് ഈ സംവിധാനത്തെ ഭയമാണോ?” അവർ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ഒരു വാക്ക് പോലും പറയാത്തവർക്ക് ഹൃദയം പോലുമില്ലെന്ന് വിനേഷ് പറഞ്ഞു.