ജർമ്മൻ ബുണ്ടസ് ലീഗ കിരീട പോരാട്ടത്തിൽ വമ്പൻ ട്വിസ്റ്റ്. ചാമ്പ്യൻസ് ലീഗ് നിരാശ മറക്കാൻ ലീഗ് പോരാട്ടത്തിന് ഇറങ്ങിയ ബയേൺ മ്യൂണിക് മൈൻസ് 05 നോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ടു. ഇതോടെ ഇന്നത്തെ മത്സരം ജയിക്കാൻ ആയാൽ ബൊറൂസിയ ഡോർട്ട്മുണ്ട് 5 മത്സരങ്ങൾ മാത്രം അവശേഷിക്കെ ലീഗിൽ ഒന്നാമത് എത്തും. ഈ അടുത്ത് പരിശീലകൻ യൂലിയൻ നേഗ്ൽസ്മാനെ മാറ്റി തോമസ് ടൂഹലിനെ കൊണ്ടു വന്ന ബയേൺ നേരിടുന്ന മറ്റൊരു തിരിച്ചടിയാണ് ഇത്. മൈൻസിന്റെ മൈതാനത്ത് ബയേൺ ആണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. 29 മത്തെ മിനിറ്റിൽ കാൻസലോയുടെ ക്രോസിൽ നിന്നു സാദിയോ മാനെ ഹെഡറിലൂടെ ബയേണിനെ മുന്നിൽ എത്തിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ മൈൻസിന് മുന്നിൽ ബയേണിനു ഉത്തരം ഉണ്ടായില്ല. 65 മത്തെ മിനിറ്റിൽ ഫ്രീകിക്ക് തടയുന്നതിൽ ബയേൺ പരാജയപ്പെട്ടപ്പോൾ ലുഡോവിച് അയോർക് മൈൻസിന് ആയി സമനില സമ്മാനിച്ചു. കാൻസലോയുടെ പിഴവ് ആണ് താരത്തെ ഓൺ സൈഡ് ആയി നിർത്തിയത്. ഇതിന്റെ ഞെട്ടൽ മാറും മുമ്പ് 73 മത്തെ മിനിറ്റിൽ കരിം ഒനിസിവോയുടെ പാസിൽ നിന്നു ലിയാൻഡ്രോ ബരേരിയോ മൈൻസിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. 6 മിനിറ്റിനുള്ളിൽ ഹാഞ്ചെ-ഓൽസന്റെ പാസിൽ നിന്നു ഉഗ്രൻ ഇടത് കാലൻ അടിയിലൂടെ ഗോൾ നേടിയ പകരക്കാരൻ ആരോൺ മാർട്ടിൻ മൈൻസ് ജയം ഉറപ്പിച്ചു. ജയത്തോടെ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് കയറാൻ മൈൻസിന് ആയി. നിലവിൽ ഒന്നാമത് ആണെങ്കിലും ഇന്ന് ഡോർട്ട്മുണ്ട് ഫ്രാങ്ക്ഫർട്ടിനെ തോൽപ്പിച്ചാൽ ബയേൺ രണ്ടാമത് ആവും.