ഫാബുലസ് ഫാഫ്!!! കോഹ്‍ലിയ്ക്കും അര്‍ദ്ധ ശതകം, എന്നിട്ടും 174 റൺസിലൊതുങ്ങി ആര്‍സിബി

Sports Correspondent

ഇന്നത്തെ ഐപിഎലിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 174 റൺസ് നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഫാഫ് ഡു പ്ലെസി വിരാട് കോഹ്‍ലി കൂട്ടുകെട്ട് നേടിയ മികച്ച തുടക്കത്തിന് ശേഷം അവസാന ഓവറുകളിൽ റൺറേറ്റ് ഉയര്‍ത്തുവാന്‍ പിന്നീട് വന്ന ബാറ്റ്സ്മാന്മാര്‍ക്ക് സാധിക്കാതെ വന്നപ്പോള്‍ ആര്‍സിബി ഇന്നിംഗ്സ് 174 റൺസിലൊതുങ്ങുകയായിരുന്നു.

Fafduplessis

പഞ്ചാബിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ആര്‍സിബിയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നൽകിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ കോഹ്‍ലി – ഫാഫ് കൂട്ടുകെട്ട് വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസാണ് നേടിയത്. പവര്‍പ്ലേയ്ക്ക് ശേഷം ഏതാനും ഓവറുകളിൽ റൺറേറ്റിന് തടയിടുവാന്‍ പഞ്ചാബ് ബൗളര്‍മാര്‍ക്ക് സാധിച്ചു. എന്നാൽ എട്ടാം ഓവറിലെ അവസാന പന്തിൽ സിക്സര്‍ പറത്തി ഫാഫ് റൺറേറ്റ് ഉയര്‍ത്തി.

Viratkohli

പത്തോവര്‍ പിന്നിടുമ്പോള്‍ 91 റൺസായിരുന്നു ആര്‍സിബിയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയത്. വിരാട് കോഹ്‍ലിയാണ് തുടക്കത്തിൽ ആക്രമിച്ച് കളിച്ചതെങ്കിലും പിന്നീട് ഫാഫ് ഗിയര്‍ മാറ്റി തന്റെ അര്‍ദ്ധ ശതകം ആദ്യം പൂര്‍ത്തിയാക്കി.

ഇതിനിടെ കോഹ്‍ലിയും തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ശേഷം മടങ്ങി. ഒരേ ഓവറിൽ അടുത്തടുത്ത പന്തുകളിൽ കോഹ്‍ലിയെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും പുറത്താക്കി ഹര്‍പ്രീത് ബ്രാര്‍ ആണ് പഞ്ചാബിന് ബ്രേക്ക്ത്രൂ നൽകിയത്. 139 റൺസാണ് ഓപ്പണിംഗ് വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്.

കോഹ്‍ലി 47 പന്തിൽ 59 റൺസും മാക്സ്വെൽ ഗോള്‍ഡന്‍ ഡക്കുമായി പുറത്താകുകയായിരുന്നു. അവസാന ഓവറുകളിലെ മികവുറ്റ ബൗളിംഗ് വഴി പഞ്ചാബ് ആര്‍സിബിയെ 174/4 എന്ന സ്കോറിലൊതുക്കുകയായിരുന്നു. പത്തോവറിൽ 91/0 എന്ന നിലയിൽ നിന്ന് അവസാന പത്തോവറില്‍ ആധിപത്യം നേടുന്നതിൽ ആര്‍സിബിയ്ക്ക് പിഴയ്ക്കുകയായിരുന്നു.