രാജസ്ഥാൻ റോയൽസിന് ഈ സീസണിലെ രണ്ടാം പരാജയം. ഇന്ന് ലഖ്നൗ സൂപ്പർ ജയന്റ്സ് 10 റൺസിന്റെ വിജയമാണ് നേടിയത്. രണ്ടാമത് ബാറ്റു ചെയ്ത രാജസ്ഥാന് 20 ഓവറിൽ 144 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ.
ഇന്ന് 155 എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് നല്ല തുടക്കമാണ് ലഭിച്ചത്. അവർ ആദ്യ വിക്കറ്റിൽ 87 റണ്ണിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. എന്നാൽ ആക്രമിച്ചു കളിച്ചിരുന്നില്ല. ജൈസാൾ 35 പന്തിൽ നിന്ന് 44 റൺസ് എടുത്ത് സ്റ്റോയിനിസിന്റെ പന്തിൽ പുറത്തായി. പിന്നാലെ വന്ന സഞ്ജു സാംസൺ 2 റണ്ണിൽ നിൽക്കെ റൺ ഔട്ട് ആയി. അതു കഴിഞ്ഞ് 41 പന്തിൽ 40 റൺസ് എടുത്ത ബട്ലറും സ്റ്റോയിനിസിന്റെ പന്തിൽ പുറത്തായി. 87-0 എന്ന നിലയിൽ നിന്ന് പെട്ടെന്ന് 97-3 എന്ന നിലയിൽ ആയി.
പിന്നെ പ്രതീക്ഷ ഹെറ്റ്മയറിൽ ആയിരുന്നു. 2 റൺസ് എടുത്ത ഹെറ്റ്മയർ ആവേശ് ഖാന്റെ പന്തിൽ ഒരു കൂറ്റൻ അടിക്ക് ശ്രമിച്ച് പുറത്തായതോടെ രാജസ്ഥാൻ തീർത്തും സമ്മർദ്ദത്തിൽ ആയി. പരാഗും പടിക്കലും ആയിരുന്നു പിന്നീട് ക്രീസിൽ ഉണ്ടായിരുന്നത്. ഫോമിൽ ഇല്ലാത്ത രണ്ടു പേരും ബൗണ്ടറികൾ കണ്ടെത്താൻ പാടുപെട്ടു.
അവസാനം 3 ഓവറിൽ 42 എന്ന നിലയിൽ ആയി. അടുത്ത ഓവറിൽ സ്റ്റോയിനിസിനെ മൂന്ന് ബൗണ്ടറി പറത്തി പടിക്കൽ രാജസ്ഥാന് പ്രതീക്ഷ നൽകി. ജയിക്കാൻ 2 ഓവറിൽ 29 എന്ന നിലയിൽ. 19ആം ഓവറിൽ ആകെ വന്നത് 10 റൺസ്. ഇതോടെ 6 പന്തിൽ 19 റൺസ് വേണം എന്ന അവസ്ഥയിൽ ആയി രാജസ്ഥാൻ റോയൽസ്.
ആവേശ് ഖാന്റെ അദ്യ പന്തിൽ പരാഗിന്റെ ഫോർ. 5 പന്തിൽ 15. രണ്ടാം പന്തിൽ സിംഗിൽ മാത്രം. 4 പന്തിൽ 14. പടിക്കൽ സ്ട്രൈക്കിൽ. പടിക്കൽ ഔട്ട്. 21 പന്തിൽ 26 മാത്രം. പിന്നെ 3 പന്തിൽ 14. അടുത്ത പന്തിൽ ജൂറലും പുറത്ത്. കളി പൂർണ്ണമായി കൈവിട്ട നിമിഷം.
ഇന്ന് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ച സഞ്ജു സാംസണും ലഖ്ബൗവിനെ 154/7 എന്ന റൺസിൽ ഒതുക്കിയിരുന്നു. കളിയുടെ തുടക്കത്തിൽ തന്നെ മെയ്ഡൻ എറിഞ്ഞു തുടങ്ങിയ ട്രെന്റ് ബൗൾട്ട് രാജസ്ഥാന് നല്ല തുടക്കം നൽകി. സ്ട്രൈക്ക് റൈറ്റ് കൂട്ടാൻ ബുദ്ധിമുട്ടുന്ന കെ എൽ രാഹുൽ ഇന്ന് 32 പന്തിൽ നിന്ന് 39 റൺസ് എടുത്ത് ഹോൾഡറിന്റെ പന്തിൽ പുറത്തായി.
മറ്റൊരു ഓപ്പണർ കെയ്ല് മയേർസും മെല്ലെ മാത്രമാണ് ബാറ്റു ചെയ്തത്. 42 പന്തിൽ നിന്ന് 51 റൺസ് എടുത്ത് മയേർസ് അശ്വിന്റെ പന്തിൽ പുറത്തായി. ഒരു റൺ മാത്രം എടുത്ത് ആയുഷ് ബദോനിയും 2 റൺ എടുത്ത് ദീപക് ഹൂഡയും പുറത്തായത് ലഖ്നൗവിന് തിരിച്ചടിയായി.
അവസാനം സ്റ്റോയിനസും പൂരനും ചേർന്ന് റൺ ഉയർത്താൻ ശ്രനിച്ചെങ്കിലും വലിയ സ്കോറിലേക്ക് എത്താൻ ലഖ്നൗവിനായില്ല. സ്റ്റോയിനസ് 16 പന്തിൽ 21 റൺസും, പൂരൻ 20 പന്തിൽ 29 റൺസും എടുത്തു. പൂരനെ സഞ്ജു റണൗട്ട് ആക്കിയപ്പോൾ സ്റ്റോയിനസിനെ സന്ദീപ് പുറത്താക്കി. രാജ്സ്ഥാനായി അശ്വിനും സന്ദീപ് ശർമ്മയും രണ്ടു വിക്കറ്റ് വീതവും, ഹോൾഡറും ബൗൾട്ടും ഒരോ വിക്കറ്റ് വീതവും നേടി.