ജർമ്മൻ ബുണ്ടസ് ലീഗയിൽ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനക്കാർ ആയ ബയേണിന് ഒപ്പമെത്താനുള്ള സുവർണാവസരം കളഞ്ഞു കുളിച്ചു ബൊറൂസിയ ഡോർട്ട്മുണ്ട്. ഹോഫൻഹേയിമുമായി ഇന്ന് ബയേൺ സമനില വഴങ്ങിയപ്പോൾ 3 പ്രാവശ്യം മുന്നിട്ടു നിന്ന ശേഷം ഡോർട്ട്മുണ്ട് 10 പേരായി കളിച്ച സ്റ്റുഗാർട്ടിനോട് സമനില വഴങ്ങി. ഇതോടെ നിലവിൽ ലീഗിൽ ബയേണിന് 2 പോയിന്റ് പിന്നിൽ തന്നെയാണ് ഡോർട്ട്മുണ്ട്. അതേസമയം തരം താഴ്ത്തൽ പോരാട്ടത്തിലുള്ള സ്റ്റുഗാർട്ട് തരം താഴ്ത്തൽ പ്ലെ ഓഫ് സ്ഥാനത്തേക്കും ഉയർന്നു. ദുർബലരായ എതിരാളികളോട് ഡോർട്ട്മുണ്ട് മികച്ച രീതിയിൽ ആണ് തുടങ്ങിയത്. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ അവർക്ക് ആധിപത്യം ഉണ്ടെങ്കിലും അവസരങ്ങൾ തുറക്കുന്നതിൽ സ്റ്റുഗാർട്ടും പിന്നിൽ ആയിരുന്നില്ല.
മത്സരത്തിൽ 26 മത്തെ മിനിറ്റിൽ ഡോണിയൽ മാലന്റെ പാസിൽ നിന്നു സെബാസ്റ്റ്യൻ ഹാളർ ഡോർട്ട്മുണ്ടിന് ആദ്യ ഗോൾ സമ്മാനിച്ചു. 33 മത്തെ മിനിറ്റിൽ മാലൻ കോർണറിൽ നിന്നു ലഭിച്ച അവസരം ലക്ഷ്യത്തിൽ എത്തിച്ചു ഡോർട്ട്മുണ്ടിന്റെ മുൻതൂക്കം ഇരട്ടിയാക്കി. 39 മത്തെ മിനിറ്റിൽ രണ്ടാം ചുവപ്പ് കാർഡ് കണ്ടു മാവ്റോപാനസ് പുറത്ത് പോയതോടെ സ്റ്റുഗാർട്ട് 10 പേരായി ചുരുങ്ങി. എന്നാൽ ബുണ്ടസ് ലീഗയിൽ നിലനിൽക്കാൻ ആയി പൊരുതിയ സ്റ്റുഗാർട്ട് 53 മത്തെ മിനിറ്റിൽ ഗോൾ മടക്കി. എന്നാൽ ഈ ഗോൾ വാർ അനുവദിച്ചില്ല. എങ്കിലും നിർത്താതെ പൊരുതിയ സ്റ്റുഗാർട്ട് ടാങ്കയ് കൗലുബാലിയിലൂടെ ഒരു ഗോൾ മടക്കി. അന്റോണിന്റെ പാസിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ. 84 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു സ്റ്റുഗാർട്ടിന്റെ സമനില ഗോൾ വന്നു.
ഡോർട്ട്മുണ്ടിനെ ഞെട്ടിച്ചു ജോഷ വാഗ്നോമാൻ ആണ് സമനില ഗോൾ നേടിയത്. ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ യുവതാരം ജിയോ റെയ്‌ന ഗോൾ നേടിയതോടെ ഡോർട്ട്മുണ്ട് വീണ്ടും ജയം കണ്ടതായി പ്രതീക്ഷിച്ചു. എന്നാൽ എല്ലാ വീര്യവുമായി സ്വന്തം മൈതാനത്ത് പൊരുതിയ സ്റ്റുഗാർട്ട് വിട്ടു കൊടുക്കാൻ ഒരുക്കം അല്ലായിരുന്നു. ജോഷ വാഗ്നോമാന്റെ ക്രോസിൽ നിന്നു മത്സരത്തിന്റെ അവസാന മിനിറ്റിൽ 97 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സിലാസ് കണ്ടോമ്പ മുവുമ്പ സ്റ്റുഗാർട്ടിന് ജയത്തിന് തുല്യമായ സമനില സമ്മാനിച്ചു. ബയേണിന് ഒപ്പമെത്താനുള്ള സുവർണ അവസരം ഡോർട്ട്മുണ്ട് പാഴാക്കിയപ്പോൾ ബുണ്ടസ് ലീഗയിൽ നിലനിൽക്കാനുള്ള പോരാട്ടത്തിൽ സ്റ്റുഗാർട്ടിന് ഇത് വിലമതിക്കാത്ത പോയിന്റ് ആയി.