നിതീഷിന്റെ ഒറ്റയാള്‍ പോരാട്ടം വിഫലം, റിങ്കു മാജികും ഇല്ല!!! സൺറൈസേഴ്സിന് 23 റൺസ് വിജയം

Sports Correspondent

Nitishrana
Download the Fanport app now!
Appstore Badge
Google Play Badge 1

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 23 റൺസ് വിജയം നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. 228/4 എന്ന മികച്ച സ്കോര്‍ ആദ്യം ബാറ്റ് ചെയ്ത് നേടിയ സൺറൈസേഴ്സ് എതിരാളികളെ 205/7  എന്ന സ്കോറിലൊതുക്കുകയായിരുന്നു. നിതീഷ് റാണ 75 റൺസും റിങ്കു സിംഗ് പുറത്താകാതെ 58 റൺസും നേടിയെങ്കിലും 229 റൺസ് വലിയ ലക്ഷ്യമായി തന്നെ തുടര്‍ന്നു.

Sunrisershyderabad

പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ മൂന്ന് വിക്കറ്റുകള്‍ ആണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നഷ്ടമായത്. പവര്‍പ്ലേയുടെ അവസാന ഓവര്‍ എറിയാനെത്തിയ ഉമ്രാന്‍ മാലികിനെ നാല് ബൗണ്ടറിയും രണ്ട് സിക്സും പായിച്ച് നിതീഷ് റാണ കൊൽക്കത്തയുടെ സ്കോര്‍ 50 കടത്തി. ഓവറിൽ നിന്ന് 28 റൺസ് പിറന്നപ്പോള്‍ കൊൽക്കത്ത പവര്‍പ്ലേ 62/3 എന്ന നിലയിൽ അവസാനിപ്പിച്ചു.

തൊട്ടടുത്ത ഓവറിൽ മയാംഗ് മാര്‍ക്കണ്ടേ ബൗളിംഗിനെത്തിയപ്പോള്‍ ജഗദീഷന്‍ നൽകിയ ഒരു അവസരം രാഹുല്‍ ത്രിപാഠി കൈവിടുകയായിരുന്നു. തൊട്ടടുത്ത പന്തിൽ ജഗദീഷന്‍ ഒരു ബൗണ്ടറി കൂടി സൺറൈസേഴ്സിന്റെ കാര്യം കൂടുതൽ കഷ്ടത്തിലാക്കി.

മയാംഗ് മാര്‍ക്കണ്ടേയുടെ അടുത്ത ഓവറിൽ പകരക്കാരനായി ഫീൽഡിംഗിനിറങ്ങിയ ഗ്ലെന്‍ ഫിലിപ്പ്സ് 21 പന്തിൽ 36 റൺസ് നേടിയ ജഗദീഷനെ പുറത്താക്കി അപകടകരമായി മാറുകയായിരുന്ന കൂട്ടുകെട്ട് തകര്‍ത്തു. തന്റെ അടുത്തോവറിൽ മാര്‍ക്കണ്ടേ ആന്‍ഡ്രേ റസ്സലിനെ പുറത്താക്കി കൊൽക്കത്തയെ കൂടുതൽ സമ്മര്‍ദ്ദത്തിലാക്കി.

നിതീഷ് റാണ 25 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി കൊൽക്കത്ത പ്രതീക്ഷകള്‍ കാത്ത് സൂക്ഷിച്ചു. റിങ്കു സിംഗും നിതീഷ് റാണയും ബാറ്റ് വീശി കൊൽക്കത്തയെ മുന്നോട്ട് നയിച്ചപ്പോള്‍ ലക്ഷ്യം അവസാന അഞ്ചോവറിൽ 87 റൺസായി മാറി.

Rinkurana

മാര്‍ക്കോ ജാന്‍സെന്‍ എറിഞ്ഞ 16ാം ഓവറിൽ റിങ്കു സിംഗ് രണ്ട് സിക്സ് അടക്കം 17 റൺസ് നേടിയപ്പോളും 24 പന്തിൽ നിന്ന് 70 റൺസെന്ന വലിയ ലക്ഷ്യമായിരുന്നു കൊൽക്കത്തയ്ക്ക് മുന്നിൽ.

തൊട്ടടുത്ത ഓവറിൽ 41 പന്തിൽ 75 റൺസ് നേടിയ നിതീഷ് റാണയെ ടി നടരാജന്‍ പുറത്താക്കി. കൊൽക്കത്തയുടെ ആറാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ത്തു. 69 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

ടി നടരാജന്‍ എറിഞ്ഞ 19ാം ഓവറിൽ റിങ്കു സിംഗ് 16 റൺസ് നേടിയപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 32 റൺസായി മാറി. താരത്തിനെ ഓവറിലെ അവസാന പന്തിൽ ഗ്ലെന്‍ ഫിലിപ്സ് കൈവിട്ടപ്പോള്‍ അത് ബൗണ്ടറി പോകുകയായിരുന്നു.

അവസാന ഓവറിൽ 32 റൺസ് വേണ്ട ഘട്ടത്തിൽ എന്നാൽ സ്ട്രൈക്ക് റിങ്കു സിംഗിനായിരുന്നില്ല. ഉമ്രാന്‍ മാലിക് ശര്‍ദ്ധുൽ താക്കൂറിനെ ആദ്യ പന്തിൽ പുറത്താക്കിയപ്പോള്‍ ലക്ഷ്യം അപ്രാപ്യമായി മാറി.