കരുതലോടെയുള്ള ഫിഫ്റ്റിയുമായി വാര്‍ണര്‍, വെടിക്കെട്ട് കന്നി ഐപിഎൽ അര്‍ദ്ധ ശതകവുമായി അക്സര്‍

Sports Correspondent

മുംബൈയ്ക്കെതിരെ മികച്ച രീതിയിൽ തുടങ്ങി പിന്നെ തകര്‍ന്നും പിന്നീട് ഉയിര്‍ത്തെഴുന്നേറ്റും വീണ്ടും തകര്‍ച്ച നേരിട്ടും ഡൽഹി ക്യാപിറ്റൽസ്.

ഒരു ഘട്ടത്തിൽ 76/1 എന്ന നിലയിൽ നിന്ന് 98/5 എന്ന നിലയിലേക്കും അവിടെ നിന്ന് 165/5 എന്ന നിലയിലേക്കും പിന്നീട് അവിടെ നിന്ന് 166/9 എന്ന നിലയിലേക്കും വീണ ഡൽഹിയുടെ ബാറ്റിംഗിനെയാണ് കണ്ടത്. ടീം 19.4 ഓവറിൽ 172 റൺസിന് ഓള്‍ഔട്ട് ആയി. അക്സര്‍ പട്ടേലും ഡേവിഡ് വാര്‍ണറും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ഡൽഹിയുടെ സ്കോറിന് മാന്യത പകര്‍ന്നത്.

പൃഥ്വി ഷായും ഡേവിഡ് വാര്‍ണറും കൂടി അതിവേഗത്തിൽ 33 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും 10 പന്തിൽ 15 റൺസ് നേടി പൃഥ്വി പുറത്തായി. പിന്നീട് വാര്‍ണറും മനീഷ് പാണ്ടേയും ചേര്‍ന്ന് 43 റൺസ് രണ്ടാം വിക്കറ്റിൽ നേടിയപ്പോള്‍ ഡൽഹി 76/1 എന്ന മികച്ച നിലയിലേക്ക് എത്തി.

എന്നാൽ പിന്നീട് 22 റൺസ് നേടുന്നതിനിടെ ഡൽഹിയ്ക്ക് മൂന്ന് വിക്കറ്റാണ് നഷ്ടമായത്. ഒരു വശത്ത് വാര്‍ണര്‍ ബാറ്റ് വീശുമ്പോള്‍ മറുവശത്ത് വിക്കറ്റുകളുമായി മുംബൈ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതാണ് മത്സരത്തിന്റെ ആദ്യ പകുതിയിൽ കണ്ടത്. 98/5 എന്ന നിലയിലേക്ക് ഡൽഹി വീണപ്പോള്‍ വീണ്ടുമൊരു ബാറ്റിംഗ് പരാജയം ടീം അഭിമുഖീകരിക്കുമെന്നാണ് ഏവരും കരുതിയത്.

Piyushchawla

പിയൂഷ് ചൗളയാണ് ഡൽഹിയുടെ ടോപ് ഓര്‍ഡറിനെ എറിഞ്ഞിട്ടത്. താരം നാലോവറിൽ 22 റൺസിന് മൂന്ന് വിക്കറ്റാണ് നേടിയത്.

എന്നാൽ ആറാം വിക്കറ്റിൽ വാര്‍ണറിന് കൂട്ടായി എത്തിയ അക്സര്‍ പട്ടേൽ മുംബൈ ബൗളര്‍മാരെ കടന്നാക്രമിച്ചപ്പോള്‍ റൺ ഒഴുകിയെത്തുകയായിരുന്നു. സൂര്യകുമാര്‍ യാദവ് ആദ്യ താരത്തിന്റെ ക്യാച്ച് മിസ്ജഡ്ജ് ചെയ്തും പിന്നീട് ഒരെണ്ണം കൈവിട്ടും സിക്സര്‍ നൽകിയതും അക്സറിന് തുണയായി. ഇതിൽ രണ്ടാമത്തെ അവസരം കൈവിട്ടതോടെ സ്കൈയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.

35 പന്തിൽ 67 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 25 പന്തിൽ 54 റൺസ് നേടിയ അക്സര്‍ 19ാം ഓവറിന്റെ ആദ്യ പന്തിലാണ് പുറത്തായത്. അതേ ഓവറിൽ തന്നെ ഡേവിഡ് വാര്‍ണറും കുൽദീപ് യാദവും അഭിഷേക് പോറെലും പുറത്തായപ്പോള്‍ വീണ്ടും ഡൽഹി മികച്ച സ്കോറിലേക്ക് എത്തുകയെന്ന അവസരം കളഞ്ഞ് കുളിച്ചു. ജേസൺ ബെഹ്രെന്‍ഡോര്‍ഫിനാണ് ഈ ഓവറിലെ മൂന്ന് വിക്കറ്റ്. കുൽദീപ് യാദവ് റണ്ണൗട്ടാണ് ആയത്.

Jasonbehrendorff

47 പന്തിൽ 51 റൺസാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്. മുംബൈയ്ക്കായി പിയൂഷ് ചൗളയും ജേസൺ ബെഹ്രെന്‍ഡോര്‍ഫും 3 വീതം വിക്കറ്റും റൈലി മെറിഡിത്ത് 2 വിക്കറ്റും നേടി.