സൂപ്പർ കപ്പിന്റെ കളിവേദിയിൽ ചിറകുവിരിച്ചു പറന്നുയർന്ന് മഞ്ഞപ്പടയുടെ സച്ചിൻ സുരേഷ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ബെഞ്ചിൽ രണ്ടു നീണ്ട വർഷങ്ങൾ തള്ളിനീക്കി ഒടുക്കം കേരളാ ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിൽ പ്രൗഢോജ്വലമായ സൂപ്പർ കപ്പിൽ ഈ തൃശ്ശൂർ ഗഡി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. കേരളത്തിന്റെ സ്വന്തം ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം തന്റെ കരിയറിന്റെ സുപ്രധാന മുന്നേറ്റം നടത്തിയ സച്ചിൻ നാളെയുടെ പ്രതീക്ഷയാണ് എന്നു ടീം പരിശീലകൻ ഇഷ്ഫാക് അഹ്മ്ദും മത്സരശേഷം നടത്തിയ പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. സൂപ്പർ കപ്പിൽ ഉദ്ഘാടന ദിവസം നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് റൌണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് തങ്ങളുടെ ആദ്യ മത്സരം കളിച്ചത്. അതിൽ വിജയം കൈവരിച്ചാണ് ബ്ലാസ്റ്റേഴ്സ് മടങ്ങിയത്.
2001 ജനുവരി 18ന് തൃശൂർ ജില്ലയിലെ അവനൂരിൽ ജനിച്ച സച്ചിൻ, മുൻ യൂണിവേഴ്സിറ്റി ഗോൾകീപ്പറായ അച്ഛൻ സുരേഷിന്റെ പാത പിന്തുടർന്നാണ് ഫുട്ബോളിന്റെ ബാലപാഠങ്ങൾ പഠിച്ചത്. സച്ചിൻ ടെണ്ടുൽക്കറുടെ കടുത്ത ആരാധകനായ അച്ഛൻ സുരേഷ് തന്നെയാണ് മകൻ സച്ചിന്റെ ആദ്യ ഗുരുവും. നിരവധി സെവൻസ് വേദികളിൽ കളിച്ചു പരിചയമുള്ള സുരേഷ് തന്റെ മകന്റെ ഫുട്ബോൾ പ്രണയത്തിന് എല്ലാ പിന്തുണയും നൽകി. ഏഴാം വയസ്സിൽ പറപ്പൂർ സെപ്റ്റ് അക്കാദമിയിൽ ചേർന്ന സച്ചിൻ അവിടെ തന്റെ കളിയുടെ അടിത്തറയുണ്ടാക്കിയെടുത്തു. പതിനൊന്നാം വയസ്സിൽ ദുബായിൽ വച്ചു നടന്ന ദുബായ് സൂപ്പർ കപ്പിൽ സാക്ഷാൽ ഡീഗോ മറഡോണയുടെ മുന്നിൽ പന്തുതട്ടിയ സച്ചിൻ, കളിമികവുകൊണ്ടു തന്നെ തന്റെ പതിനാലാം വയസ്സിൽ ഇന്ത്യൻ അണ്ടർ പതിനാറ് ടീമിനൊപ്പം എ എഫ് സി അണ്ടർ 16 ചാമ്പ്യൻഷിപ്പ് കളിച്ചു. ശേഷം അണ്ടർ 18 ടീമിലും മികവ് കാട്ടിയ താരം, അർജന്റീനയെ പരാജയപ്പെടുത്തിയ കോത്തിഫ് കപ്പ് അണ്ടർ 19 ടീമിലും ആംഗമായി.
അതിനിടയിലാണ് 2017ൽ കേരളത്തിലെ പ്രമുഖ ക്ലബ്ബായ എഫ് സി കേരളയിൽ നിന്നും സച്ചിന് ക്ഷണം ലഭിക്കുന്നത്. ഒരു പുതിയ തുടക്കമെന്നോണം സച്ചിൻ ആ ക്ഷണം സ്വീകരിക്കുകയും എഫ് സി കേരളയുടെ അണ്ടർ 18 ടീമിന്റെ ഭാഗമാവുകയും ചെയ്തു. രണ്ടു വർഷങ്ങൾക്കു ശേഷം 2019ൽ എഫ് സി കേരള സീനിയർ ടീമിലേയ്ക്കും സച്ചിൻ തന്റെ മിക്കവാൽ എത്തിച്ചേർന്നു. ഈ കാലയളവിലെ പകരംവയ്ക്കാനില്ലാത്ത പ്രകടനം കൊണ്ടുതന്നെ സച്ചിൻ സന്തോഷ് ട്രോഫി ടീമിലേയ്ക്കും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. കളിച്ച ടീമുകളിലൊക്കെയും ഗോൾവലയ്ക്കു മുന്നിൽ ഉരുക്കുകോട്ടപോലെ ഉറച്ചുനിന്ന സച്ചിൻ അതിനോടകം തന്നെ ആരാധകഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് റിസർവ്വ് ടീമിലെ മുഖ്യപരിശീലകനായി മുൻ എഫ് സി കേരള മുഖ്യ പരിശീലകൻ കൂടിയായിരുന്ന ടി ജി പുരുഷോത്തമൻ ചുമതലയേറ്റപ്പോൾ, ഗോൾ ബാറിന് താഴെ സച്ചിൻ വേണമെന്ന് അദ്ദേഹം മാനേജ്മെന്റിനെ അറിയിച്ചു. തൽഫലമായി സച്ചിൻ, തന്റെ കരിയറിലെ ഏറ്റവും വലിയ കുതിപ്പിലേക്കുള്ള ആദ്യ പടി ചവിട്ടിക്കയറി. കെ ബി എഫ് സി റിസർവ് ടീമിനൊപ്പം കേരളത്തിന്റെ സംസ്ഥാന ലീഗായ കേരളാ പ്രീമിയർ ലീഗിൽ കളിച്ച സച്ചിൻ അവിടെ നിന്നുമാണ് സീനിയർ ടീമിലേയ് ക്കെത്തുന്നത്. കെ പി എല്ലിലെ മത്സരങ്ങളിൽ ഈ ഇരുപത്തിരണ്ടുകാരൻ കാണിച്ച ധീരതയുടെയും മികവിന്റെയും ഫലമായാണ് സീനിയർ ക്യാമ്പിലും ശേഷം സമ്മോഹനമായ ഇന്ത്യൻ സൂപ്പർ ലീഗ് സ്ക്വാഡിലും ഇദ്ദേഹം എത്തിപ്പെട്ടത്. ഐ എസ് എല്ലിൽ കഴിഞ്ഞ രണ്ടു സീസണുകളിലായി ബെഞ്ചിൽ മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ സ്ഥാനമെങ്കിലും ഇതിനിടയിൽ റിലയൻസ് ഡെവലപ്മെന്റൽ ടൂർണമെന്റിലും, യൂ കെയിൽ വച്ചുനടന്ന നെക്സ്റ്റ് ജെൻ കപ്പിലും ഡ്യൂറണ്ട് കപ്പിലും സച്ചിൻ ഈ കാലയളവിൽ കളിച്ചു.
ഇപ്പോൾ അർഹിച്ച ഒരു അവസരം എന്നോണം തന്നെയാണ് സൂപ്പർ കപ്പിലേയും അരങ്ങേറ്റം. റൌണ്ട് ഗ്ലാസ്സ് പഞ്ചാബിനെതിരെ താരതമ്യേന മികച്ച പ്രകടനം നടത്തിയ സച്ചിന് പക്ഷെ ക്ളീൻ ഷീറ്റ് കൈപ്പിടിയിലൊതുക്കാൻ സാധിച്ചില്ല. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിജയം. മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ ഫാൻപോർട് കറസ്പോണ്ടന്റ് സച്ചിന്റെ പ്രകടനത്തെക്കുറിച്ചു ചോദിച്ചപ്പോൾ സന്തോഷത്തോടെയാണ് പരിശീലകൻ ഇഷ്ഫാക് അഹ്മദ് മറുപടി നൽകിയത്. കരൺജീത്ത് സിങ് ഈ സൂപ്പർ കപ്പോടെ ക്ലബ്ബ് വിടുന്ന സാഹചര്യത്തിൽ ടീമിന്റെ രണ്ടാം ചോയിസ് ഗോൾകീപ്പറിലേയ് ക്കുള്ള സ്ഥാനക്കയറ്റം കൂടിയാണ് സച്ചിനെ കാത്തിരിക്കുന്നത്.