ഖത്തർ ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ വമ്പന്മാരായ ബ്രസീലിന് തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മൊറോക്കോയാണ് ബ്രസീലിനെ തോൽപ്പിച്ചത്. ഖത്തർ ലോകകപ്പിലെ മികച്ച പ്രകടനം മൊറോക്കോ വീണ്ടും പുറത്തെടുത്തപ്പോൾ ബ്രസീലിന് മറുപടി നൽകാനായില്ല. യുവതാരങ്ങൾക്ക് അവസരം നൽകി ഇറങ്ങിയ ബ്രസീലിനെതിരെ മൊറോക്കോ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കൌണ്ടർ അറ്റാക്കിലൂടെ ബ്രസീലിനെ നിരവധി തവണ പരീക്ഷിച്ച മൊറോക്കോ ബൗഫലിന്റെ ഗോളിലൂടെ ആദ്യ പകുതിയിൽ തന്നെ മുൻപിലെത്തുകയും ചെയ്തു.
മൊറോക്കോ ആദ്യ ഗോൾ നേടുന്നതിന് മുൻപ് വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീൽ ഗോൾ നേടിയിരുന്നെങ്കിലും വാർ ഇടപെട്ട് ഓഫ് സൈഡ് വിളിച്ചത് അവർക്ക് തിരിച്ചടിയായി. എന്നാൽ രണ്ടാം പകുതിയിൽ മൊറോക്കോ ഗോൾ കീപ്പർ ബോനോയുടെപിഴവിൽ നിന്ന് ബ്രസീൽ മത്സരത്തിൽ സമനില പിടിച്ചു. കസെമിറോയാണ് മൊറോക്കൻ ഗോൾ കീപ്പറുടെ പിഴവ് മുതലെടുത്ത് ബ്രസീലിന് സമനില നേടിക്കൊടുത്തത്.
എന്നാൽ അധികം വൈകാതെ തന്നെ മൊറോക്കോ മത്സരത്തിൽ വീണ്ടും മുൻപിലെത്തി. പെനാൽറ്റി ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ ബ്രസീൽ പ്രതിരോധ നിരക്ക് പിഴച്ചപ്പോൾ സാബിരിയിലൂടെ മൊറോക്കോ വീണ്ടും ലീഡ് നേടുകയായിരുന്നു. തുടർന്ന് ഗോൾ നേടാൻ ബ്രസീൽ കിണഞ്ഞു ശ്രമിച്ചെങ്കിലും മികച്ച പ്രതിരോധം തീർത്ത് മൊറോക്കോ ജയം സ്വന്തമാക്കി.
റോണി, ആന്ദ്രേ സാന്റോസ് എന്നിവർ ഇന്നത്തെ മത്സരത്തിൽ ബ്രസീലിനു വേണ്ടി അരങ്ങേറ്റം നടത്തുകയും ചെയ്തു.