ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ബാറ്റിംഗ് തകർച്ച നേരിട്ട ടീം ഇന്ത്യ മധ്യനിരയിൽ സഞ്ജു സാംസണെ കൊണ്ടുവരണം എന്നു മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഏകദിന ഫോർമാറ്റിൽ പ്രയാസപ്പെടുന്ന സൂര്യകുമാർ യാദവിനെ മാറ്റി മലയാളി താരം സഞ്ജു സാംസണെ ഇറക്കണം എന്നാണ് ജാഫർ പറയുന്നത്. സൂര്യകുമാർ ആദ്യ രണ്ട് ഏകദിനത്തിലും ഗോൾഡൻ ഡക്ക് ആയിരുന്നു.
“സൂര്യകുമാർ യാദവ് നേരിട്ട ആദ്യ പന്ത് 145 സ്പീഡിൽ ആയതിനാൽ അദ്ദേഹത്തോട് സഹതാപം ഉണ്ട്. ഒരു ഇടങ്കയ്യൻ സീമർ പന്ത് ഇൻ സ്വിംഗ് ചെയ്യുമ്പോൾ അത് വെല്ലുവിളി നിറഞ്ഞതാണെന്നതിൽ സംശയമില്ല. എന്നൽ മിച്ചൽ സ്റ്റാർക്ക് ബൗൾ ചെയ്യുമ്പോൾ, അവൻ സ്റ്റമ്പുകളെ ആക്രമിച്ച് പന്ത് സ്വിംഗ് ചെയ്യുമെന്ന് അദ്ദേഹം മുൻകൂട്ടി കണ്ടിരിക്കണമായിരുന്നു.” സൂര്യകുമാറിനെ കുറിച്ച് ജാഫർ പറഞ്ഞു.
“മൂന്നാം ഏകദിനത്തിൽ മാനേജ്‌മെന്റ് അദ്ദേഹത്തെ നിലനിർത്തുമോ എന്ന് നമ്മൾ കാണണം, അല്ലാത്തപക്ഷം സഞ്ജു സാംസണിന് അവസരം നൽകുന്നത് ഒരു നല്ല ഓപ്ഷൻ ആകും, കാരണം അവസരം ലഭിക്കുമ്പോൾ എല്ലാം അദ്ദേഹം നന്നായി കളിച്ചു, അവൻ ഒരു മികച്ച കളിക്കാരനാണ്,” ജാഫർ സഞ്ജുവിനെ കുറിച്ച് പറഞ്ഞു.