യുവേഫ ചാമ്പ്യൻസ് ലീഗിന്റെ 16-ാം റൗണ്ടിന്റെ രണ്ടാം പാദത്തിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ 3-0 ന് തകർത്ത് നാപോളി ക്വാർട്ടർ ഫൈനലിൽ ഇടം നേടി. ആദ്യ പാദത്തിൽ 2-0ന് വിജയിച്ച ആത്മവിശ്വാസത്തിൽ ഇന്ന് സ്വന്തം ആരാധകർക്ക് മുന്നിൽ ഇറങ്ങിയ ഇറ്റാലിയൻ ടീം ഗംഭീര പ്രകടനം തന്നെ ഇന്ന് കാഴ്ചവെച്ചു. കളിയുടെ തുടക്കം മുതൽ അവസാനം വരെ അവർ ആധിപത്യം പുലർത്തി. 5-0ന്റെ അഗ്രിഗേറ്റ് സ്കോറിലാണ് നാപോളി വിജയിച്ചത്.
രണ്ട് ഗോളുകൾ നേടിയ വിക്ടർ ഒസിമെൻ ഇന്ന് നാപ്പോളിയുടെ ഹീറോ ആയി. പെനാൽറ്റി സ്പോട്ടിൽ നിന്ന് പിയോട്ടർ സീലിൻസ്കി മൂന്നാമതൊരു ഗോളും ചേർത്ത് ആതിഥേയ ടീമിന് അനായാസ ജയം സമ്മാനിച്ചു. ഈ സീസണിൽ തകർപ്പൻ ഫോമിലുള്ള നാപ്പോളിക്ക് ഈ വിജയം വലിയ ഉത്തേജനമാണ്. സീരി എ കിരീടം ഏതാണ്ട് ഉറച്ച നാപോളി ചാമ്പ്യൻസ് ലീഗിലും അത്ഭുതം കാണിക്കുമോ എന്ന് കണ്ടറിയണം. ഇതാദ്യമായാണ് നാപോളി യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിൽ എത്തുന്നത്.