കഴിഞ്ഞ സീസണിന്റെ ആവർത്തനമായ ഐഎസ്എൽ സെമി ഫൈനൽ ഫിക്സ്ചറിൽ, ഹൈദരാബാദ് എഫ്സിയും എടികെ മോഹൻ ബഗാനും ഒരിക്കൽ കൂടി കലാശപ്പോരാട്ടത്തിന്റെ സ്വപ്നങ്ങളുമായി കളത്തിൽ ഇറങ്ങുന്നു. ഇരു പാദ സെമിയുടെ ആദ്യ മത്സരം ഹൈദരാബാദിന്റെ തട്ടകത്തിൽ വെച്ചാണ് നടക്കുന്നത്. ഇന്ന് വൈകിട്ട് 7.30ന് മത്സരത്തിന് പന്തുരുണ്ടു തുടങ്ങും.
നിലവിലെ ഐഎസ്എൽ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സി കഴിഞ്ഞ സീസണിന്റെ ആവർത്തനം തന്നെയാണ് ഇത്തവണയും ലക്ഷ്യമിടുന്നത്. രണ്ടാം സ്ഥാനക്കാരായി ലീഗ് ഷീൽഡ് ജംഷദ്പൂരിന് അടിയറ വെച്ച ശേഷമാണ് കഴിഞ്ഞ സീസണിൽ അവർ കപ്പ് ഉയർത്തിയത്. ഇത്തവണയും മുൻപേ കുതിച്ച മുംബൈ സിറ്റിക്ക് നാല് പോയിന്റ് മാത്രം പിറകിൽ ലീഗിൽ രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക് യോഗ്യത നേടിയ ഹൈദരാബാദ് കിരീട തുടർച്ച തന്നെയാണ് ഇനിയുള്ള മത്സരങ്ങളിൽ ലക്ഷ്യമിടുന്നത്. ആദ്യ പാദം സ്വന്തം തട്ടകത്തിൽ ആയതിനാൽ ഗോളടിച്ചു കൂട്ടിയുള്ള വിജയം തന്നെ ആവും അവരുടെ ഉന്നം. മുൻപ് എടികെയെ വീഴ്ത്തിയപ്പോൾ ഗോൾ നേടിയ ഓഗ്ബച്ചേയും യാസിറും സിവേറിയോയും എല്ലാം ഇത്തവണയും കളത്തിൽ ഉണ്ടാവും. ഇവരുടെ കൂടെ രോഹിത് ഡാനു കൂടി ചേരുന്ന മുന്നേറ്റം എടികെക്ക് തലവേദന തീർക്കും. കൂടാതെ കിയനിസെ, ഹാലിചരൺ, ബോർഹ ഹെരെര തുടങ്ങി മത്സരത്തിൽ നിർണായക സ്വാധീനം ചെലുത്താൻ കെൽപ്പുള്ള താരങ്ങൾ കൂടി ആവുമ്പോൾ ഹൈദരാബാദ് കൂടുതൽ അപകടകാരികൾ ആവുന്നുണ്ട്. എങ്കിലും ലീഗിന്റെ അവസാനം സ്ഥിരതയില്ലാത്ത പ്രകടനം പുറത്തെടുത്തിരുന്ന അവർക്ക് നിർണായക മത്സരത്തിൽ മുഴുവൻ ഊർജവും സമാഹരിച്ചു കൊണ്ട് കളത്തിൽ എത്തേണ്ടതുണ്ട്.
കഴിഞ്ഞ തവണ നേരിട്ട തോൽവിക്ക് പകരം വീട്ടാനുള്ള അസുലഭ അവസരമാണ് എറ്റികെ മോഹൻബഗാന് മുന്നിൽ ഉള്ളത്. അവസാന മൂന്ന് മത്സരങ്ങളിലും ജയം കണ്ട ടീം മികച്ച ഫോമിലും ആണ്. ദിമിത്രി പെട്രാഡോസും ഹ്യൂഗോ ബൊമസും ലിസ്റ്റൻ കോലാസോയും ആഷിക് കുരുണിയനും എല്ലാം ഫോമിലായാൽ ഇത്തവണ ഫൈനൽ എന്ന സ്വപ്നം സാക്ഷാത്കരിക്കാം എന്ന പ്രതീക്ഷയിൽ ആണ് അവർ. പത്ത് ക്ലീൻ ഷീറ്റുകളുമായി പോസ്റ്റിന് കീഴിൽ വിശാൽ ഖേയ്തും ഫോമിൽ തന്നെ. ഇത്തവണ നേർക്ക് നേർ വന്നപ്പോൾ ഇരു ടീമുകളും സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത ഒരോ ഗോൾ വിജയം സ്വന്തമാക്കി. അത് കൊണ്ട് തന്നെ തുല്യ ശക്തികളുടെ പോരാട്ടത്തിനാവും രണ്ടാം സെമി ഫൈനൽ സാക്ഷ്യം വഹിക്കുന്നത്.