മത്സരത്തിന്റെ ഭൂരിഭാഗവും പത്ത് പേരുമായി കളിക്കേണ്ടി വന്ന ബയേൺ മ്യൂണിച്ചിന് സീസണിലെ രണ്ടാം തോൽവി സമ്മാനിച്ച് ബൊറൂസിയ മൊൻചെൻ ഗ്ലാഡ്ബാച്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഒന്നാം സ്ഥാനക്കാരെ അവർ വീഴ്ത്തിയത്. സ്റ്റിൻഡിൽ, ഹോഫ്മാൻ, മർകസ് തുറാം എന്നിവർ ജേതാക്കൾക്കായി വല കുലുക്കി. ചുപ്പോ മോണ്ടെങും മത്തിയസ് ടെലും ബയേണിന്റെ ഗോളുകൾ നേടി. ഇതോടെ ബയേണിന്റെ ഒന്നാം സ്ഥാനത്തിന് വലിയ ഭീഷണി ആയി. ഷാൽകെയെ നേരിടുന്ന യൂണിയൻ ബെർലിന് മത്സരം ജയിക്കാൻ ആയാൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താം. അടുത്ത മത്സരത്തിൽ ജയിച്ചാൽ ഡോർട്മുണ്ടും പോയിന്റ് നിലയിൽ ബയേണിന് ഒപ്പം എത്തും.
മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ ഉപമേങ്കാനോ ചുവപ്പ് കാർഡ് കണ്ട് കളം വിട്ടതാണ് മത്സരത്തിൽ നിർണായകമായത്. കൗണ്ടർ അറ്റാക്കിൽ ഒറ്റക്ക് ഓടിയെത്തിയ പ്ലീയെ വീഴ്ത്തിയതിന് ആയിരുന്നു താരത്തിന് പുറത്തു പോകേണ്ടി വന്നത്. 13ആം മിനിറ്റിൽ മോഞ്ചൻഗ്ലാഡ്ബാച് ആദ്യ ഗോൾ നേടി. വലത് ഭാഗത്ത് നിന്നും ലഭിച്ച ഫ്രീകിക്ക് ബോക്സിന് പുറത്തു നിന്ന സ്റ്റിണ്ടിലേക്ക് എത്തിയപ്പോൾ താരത്തിന്റെ ഷോട്ട് തടുക്കാൻ മുൻ സഹതാരം യാൻ സോമറിന് ആയില്ല. ആളെണ്ണം കുറഞ്ഞത് വക വെക്കാതെ അക്രമണാത്മക ഫുട്ബോൾ തന്നെ കെട്ടഴിച്ച ബയേൺ അധികം വൈകാതെ സമനില ഗോൾ നേടി. ഇടത് വിങ്ങിൽ കുതിച്ച ഡേവിസ് പോസ്റ്റിന് മുന്നിലേക്കായി നൽകിയ പാസിൽ ചുപ്പോ മോണ്ടെങ് ലക്ഷ്യം കണ്ടു.
രണ്ടാം പകുതിയിൽ സാനെയേയും മുസ്യാലയേയും ഇറക്കി ബയേൺ ഗോൾ കണ്ടെത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു. 55 ആം മിനിറ്റിൽ സ്വന്തം പകുതിയിൽ നിന്നും ബയേൺ നഷ്ടപ്പെടുത്തിയ ബോളിൽ ഹൊഫ്മാൻ ലക്ഷ്യം കണ്ടപ്പോൾ മോഞ്ചൻഗ്ലാബാച് ലീഡ് തിരിച്ചു പിടിച്ചു. 84ആം മിനിറ്റിൽ പകരക്കാരനായി എത്തിയ മർക്കസ് തുറാമിലൂടെ അവർ പട്ടിക പൂർത്തിയാക്കി. ഇഞ്ചുറി ടൈമിൽ മത്തിയസ് ടെലിലൂടെ ബയേൺ ഒരു ഗോൾ മടക്കിയെങ്കിലും സമയം അതിക്രമിച്ചിരിക്കുന്നു. ഉപമെങ്കാനോ നേരത്തെ പുറത്തായിട്ടും ഡി ലൈറ്റിനെ രണ്ടാം പകുതിയിൽ വളരെ വൈകിയാണ് നെഗ്ല്സ്മാൻ കളത്തിൽ ഇറക്കിയത്. ആളെണ്ണം കുറവായിട്ടും അക്രമണത്തിന് തന്നെ മുൻതൂക്കം നൽകിയത് തോൽവിയുടെ ആധിക്യം വർധിപ്പിച്ചു.