നിലവിൽ യൂറോപ്പിലെ ഏറ്റവും അപകടകാരിയായ കളിക്കാരിൽ ഒരാളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്ഫോർഡെന്ന് ബാഴ്സലോണ മാനേജർ സാവി. ഇരു ടീമുകളും തമ്മിലുള്ള യുവേഫ യൂറോപ്പ ലീഗ് നോക്കൗട്ട് റൗണ്ട് പ്ലേഓഫ് പോരാട്ടത്തിന്റെ ആദ്യ പാദത്തിന് മുന്നോടിയായാണ് സാവിയുടെ പ്രശംസ.
ലോകകപ്പ് കഴിഞ്ഞ് ക്ലബ് ഫുട്ബോൾ പുനരാരംഭിച്ചപ്പോൾ മുതൽ റാഷ്ഫോർഡ് തകർപ്പൻ ഫോമിലാണ്, കഴിഞ്ഞ മത്സരത്തിൽ ലീഡ്സിനെതിരെ യുണൈറ്റഡ് 2-0ന് വിജയിച്ചപ്പോൾ റാഷ്ഫോർഡ് തന്റെ അവസാന 15 മത്സരങ്ങളിൽ നിന്നുള്ള 13-ാം ഗോൾ നേടിയിരുന്നു. ഈ സീസണിലെ 25-കാരന്റെ 21-ാം ഗോളായിരുന്നു ഇത്. ഡിഫൻസിൽ നിന്ന് അറ്റാക്കിലേക്ക് മാറുമ്പോൾ ഉള്ള റാഷ്ഫോർഡിന്റെ കഴിവുകൾ സാവി അംഗീകരിക്കുകയും അദ്ദേഹത്തെയും മറ്റ് യുണൈറ്റഡ് കളിക്കാരെയും തടയേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
“ട്രാൻസിഷനിൽ റാഷ്ഫോർഡ് വളരെ അപകടകാരിയാണ്,യുണൈറ്റഡ് അറ്റാക്കിൽ ഉള്ളവരെയെല്ലാം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്, പക്ഷേ പ്രത്യേകിച്ച് റാഷ്ഫോർഡ്. യൂറോപ്പിലെ ഏറ്റവും അപകടകാരിയായ കളിക്കാരിൽ ഒരാളാണ് അദ്ദേഹം,” സാവി പറഞ്ഞു.
ഇംഗ്ലീഷുകാരന്റെ പ്രകടനം കളിയുടെ ഫലം നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന ഘടകമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാത്രിയാണ് ബാഴ്സലോണ മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം നടക്കുന്നത്.