ടെസ്റ്റ്, ഏകദിനം, ടി20 എന്നീ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ ക്രിക്കറ്റ് ടീം റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. ഇതാദ്യമായാണ് ഇന്ത്യ ഒരേസമയം മൂന്ന് റാങ്കിങ്ങിലും ഒന്നാം സ്ഥാനം നേടുന്നത്. ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയക്ക് എതിരെ ആദ്യ ടെസ്റ്റ് വിജയിച്ചതോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പുതിയ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത് എത്തിയത്. നേരത്തെ ന്യൂസിലൻഡിനെ തോൽപ്പിച്ചതോടെ ഇന്ത്യ ഏകദിനത്തിലും ഒന്നാമത് എത്തിയിരുന്നു.
ടീമിന്റെ ആധിപത്യത്തിനു പുറമേ, നിരവധി ഇന്ത്യൻ താരങ്ങളും റാങ്കിംഗിൽ ഒന്നാമത് നിൽക്കുന്നുണ്ട്. ടി20യിൽ ഇന്ത്യൻ താരം സൂര്യകുമാർ ആണ് ബാറ്റിംഗിൽ ഒന്നാമത് നിൽക്കുന്നത്. ഏകദിനത്തിൽ മറ്റൊരു ഇന്ത്യൻ കളിക്കാരനായ മുഹമ്മദ് സിറാജ് ബൗളർമാരിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ജഡേജ ഓൾറൗണ്ടറുടെ റാങ്കിംഗിലും ഒന്നാമത് നിൽക്കുന്നു. ഇനി ഈ പരമ്പര വിജയിച്ച് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കുക ആകും ഇന്ത്യയുടെ ലക്ഷ്യം.
ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര നിമിഷം കൂടിയാകും. കളിയുടെ എല്ലാ ഫോർമാറ്റുകളിലും ടീമിന്റെ സ്ഥിരതയാർന്ന പ്രകടനങ്ങൾക്ക് അർഹതപ്പെട്ട അംഗീകാരമാണ് ഈ ഒന്നാം നമ്പർ റാങ്കിംഗ്.