ഇന്ത്യൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ പൊതുവെ ബിസിസിഐ സംഘടനയിലെ ഏറ്റവും വെറുക്കപ്പെട്ട ആളുകളായിട്ടാണ് കരുതപ്പെടുന്നത്. കളി മോശമായൽ, കാണികൾ ആദ്യം കുറ്റം പറയുക അവരെയാണ്. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്ത കളിക്കാരും സെലക്ഷൻ കമ്മിറ്റി അംഗങ്ങളെ ഒളിഞ്ഞും തെളിഞ്ഞും അവരെ പള്ള് പറയാറുണ്ട് എന്നതും നമുക്ക് കളിയെ പിന്തുടരുന്നവർക്ക് അറിയാവുന്ന കാര്യമാണ്. സോഷ്യൽ മീഡിയയിൽ കളിക്കാരുടെ ഫാൻസ് അവർക്കെതിരെ ചൊരിയുന്ന വാക്കുകളും വേദനാജനകമാണ്.
പക്ഷെ ഇന്നിപ്പോൾ വരുന്ന വാർത്തകൾ പറയുന്നത്, ഇപ്പോഴത്തെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മ ആ സ്ഥാനത്ത് ഇരിക്കാൻ അർഹനല്ല എന്നു തന്നെയാണ്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ബഹുമാന്യരായ പല കളിക്കാരും ഇരുന്ന ആ കസേരയിലേക്ക് ചേതന്റെ പേര് പറഞ്ഞു കേട്ടപ്പോൾ തന്നെ ഭൂരിഭാഗം കളിയാരാധകരും നെറ്റി ചുളിച്ചതാണ്. ചേതനെ ആ സ്ഥാനത്തേക്ക് കൊണ്ടു വന്നത് തന്നെ ഒരു പാവ ചെയർമാനെ വേണം എന്നുള്ളത് കൊണ്ടാണെന്നാണ് ഉയർന്ന ആരോപണം. എന്നാൽ കളിയെ വെറുതെ ഉപരിപ്ലവമായ കാഴ്ചയിൽ മാത്രം കാണാതെ, വിശദമായി വിശകലനം ചെയ്തിരുന്ന പലരും അത്ഭുതപ്പെട്ടത് ഇത്രയും വലിയ ഒരു ദൗത്യം നടപ്പിലാക്കാൻ വേണ്ട വിവേകം ആ മുൻ പേസർക്ക് ഉണ്ടോ എന്നായിരുന്നു. ഇന്ന് രാവിലെ ചേതന്റെ പുറത്തു വന്ന സ്റ്റിംഗ് വീഡിയോ കണ്ടപ്പോൾ ആ വിചാരം അക്ഷരം പ്രതി ശരിയായിരുന്നു എന്ന് മനസ്സിലായി.
മുന്നറിവിന്റെ അടിസ്ഥാനത്തില് പ്രവര്ത്തിക്കാന് പ്രാപ്തിയുള്ള, വകതിരിവുള്ള ഒരാളായിട്ടല്ല ചേതൻ ശർമ്മയെ ആളുകൾ വിലയിരുത്തിയിട്ടുള്ളത്. അത് ശരിവയ്ക്കുന്ന നിലയിലാണ് ഇപ്പോൾ ശർമ്മയുടെ വാക്കുകൾ നാം കേൾക്കുന്നത്. ലോക ക്രിക്കറ്റിൽ ഏറ്റവും ബുദ്ധിമുട്ടുള്ള, അതിനാൽ തന്നെ ബൗദ്ധികമായി ഒരു ചെസ്സ് കളിക്കാരന്റെ മാനസ്സിക നിലയിൽ നിന്നു കൊണ്ടു വർത്തിക്കേണ്ട ഒരു സ്ഥാനമാണ്, ഒട്ടും തന്നെ പക്വതിയില്ലാത്ത രീതിയിൽ ശർമ്മ കൈകാര്യം ചെയ്തത്.
ഇത്തരം സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കു വേണ്ട മനോധൈര്യവും, ക്ഷമയും ഇല്ലാത്ത മനുഷ്യനാണ് എന്നു നേരത്തെ തെളിയിച്ചതാണ്. ഇപ്പോൾ അത് അടിവര ഇടുന്ന വാക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. രാജ്യത്തിന് വേണ്ടി കളിക്കാൻ ജീവിതം ഉഴിഞ്ഞു വച്ചു, രാപകൽ കഷ്ടപ്പെടുന്ന യുവ കളിക്കാർക്ക് നിരാശയും, സംശയവും മാത്രമാണ് ശർമ്മയുടെ ഈ വാവിട്ട സംസാരം നൽകുക. ശർമ്മയുടേതായി പുറത്ത് വന്ന വാക്കുകൾ, എത്ര ചെറിയ മനസ്സാണ് ആ മനുഷ്യനുള്ളത് എന്നു കാണിക്കുന്നു.
കളിക്കാരുടെ കളിയെ മാത്രം അടിസ്ഥാനപ്പെടുത്തി തീരുമാനങ്ങൾ എടുക്കേണ്ട ആൾ, അവരുടെ പേരെടുത്തു പരാമർശിച്ചു, അനാവശ്യ വിവാദങ്ങളിലേക്ക് അവരെ വലിച്ചിഴയ്ക്കുകയാണ്. അതും, ഇന്ത്യ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ടെസ്റ്റ് സീരീസ് കളിക്കുന്ന സമയത്തു.
എതിർ ടീമും, അവരുടെ രാജ്യത്തെ മാധ്യമങ്ങളും ഇന്ത്യൻ ടീമിനെ എങ്ങനെ മാനസികമായി തളർത്താം എന്നു അന്വേഷിച്ചു ബുദ്ധിമുട്ടേണ്ട, ഞങ്ങൾക്ക് ഇവിടെ സെലക്ഷൻ കമ്മിറ്റി ചെയർമാനുണ്ട് അതൊക്കെ ചെയ്യാൻ എന്ന് പറയേണ്ട ഗതികേടിലാണ് ടീം ഇന്ത്യ. ആ സ്ഥാനത്തേക്ക് ശർമ്മയെ തിരഞ്ഞെടുത്തവരുടെ യോഗ്യത തന്നെ ചോദ്യം ചെയ്യപ്പെടുമ്പോൾ ശർമ്മ പേടിക്കേണ്ട, മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ മാത്രമേ കസേര തെറിക്കൂ!