പുതു വർഷത്തിൽ ഫോം തുടരുന്ന ബെംഗളൂരു എഫ്സിക്ക് ഐഎസ്എലിൽ തുടർച്ചയായ അഞ്ചാം വിജയം. കൊൽക്കത്തയിൽ ഇന്ന് നടന്ന മത്സരത്തിൽ എടികെ മോഹൻബഗാനെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി പ്ലെഓഫ് സാധ്യതകൾ വർധിപ്പിച്ചു. ഹാവി ഹെർണാണ്ടസ്, റോയ് കൃഷ്ണ എന്നിവർ ഗോളുകൾ കണ്ടെത്തി. നാലാം സ്ഥാനത്തുള്ള എടികെക്ക് ഈ തോൽവി തിരിച്ചടിയായി. വിജയിച്ചിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് അവർക്ക് മൂന്നാം സ്ഥാനത്തേക്ക് കയാറാമായിരുന്നു. ബെംഗളൂരു ആറാം സ്ഥാനത്തേക്ക് ഉയർന്നു. നാലാം സ്ഥാനത്തുള്ള എടികെയുമായി രണ്ടു പോയിന്റ് മാത്രം വ്യത്യാസത്തിലാണവർ.
ഇരു ടീമുകളും ഒരു പോലെ ആക്രമണത്തിന് മുൻതൂക്കം നൽകിയാണ് മത്സരം ആരംഭിച്ചത്. തുടക്കത്തിൽ പെട്രാഡോസിന്റെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. പിന്നാലെ ഹാവിയുടെ ശ്രമത്തിനും അതേ ഫലമായിരുന്നു. ആശിഷ് റായുടെ ഷോട്ട് തടുത്തു ഗുർപീത് ബെംഗളൂരുവിന്റെ രക്ഷകനായി. ആദ്യ പകുതിയിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിൽ ഇരു ടീമുകളും കൃത്യമായ അവസരം സൃഷ്ടിക്കാൻ ആയില്ലെങ്കിലും മത്സരം അവസാന മിനിറ്റുകളിലേക്ക് കടന്നതോടെ ചിത്രം മാറിമറിഞ്ഞു.
എഴുപതിയെട്ടാം മിനിറ്റിൽ റോഷൻ നറോമിന്റെ ക്രോസിൽ വോളി ഉതിർത്ത് ഹാവി ഹെർണാണ്ടസ് ബെംഗളൂരുവിന് ലീഡ് നൽകി. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ അനായാസം ലക്ഷ്യം കണ്ട് റോയ് കൃഷ്ണ രണ്ടാം ഗോളും നേടി മത്സരം പൂർണമായും ബെംഗളൂരുവിന് അനുകൂലമാക്കി. എന്നാൽ വിടാൻ ഒരുക്കമല്ലാതിരുന്ന എടികെ മൂന്ന് മിനിറ്റിനു ശേഷം ഒരു ഗോൾ മടക്കി. ദിമിത്രി പെട്രാഡോസിന്റെ ഷോട്ട് അലൻ കോസ്റ്റയിൽ തട്ടി വഴിമാറി പോസ്റ്റിൽ പതിക്കുകയായിരുന്നു. എങ്കിലും സമയം അതിക്രമിച്ചിരുന്നതിനാൽ ആതിഥേയർക്ക് തോൽവി വഴങ്ങേണ്ടി വന്നു.