ഒഡീഷ എഫ്സിയെ വീഴ്ത്തി മുംബൈ സിറ്റി എഫ്സി സീസണിലെ അപരാജിത കുതിപ്പ് തുടരുന്നു. ഒഡീഷയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ആതിഥേയരെ വീഴ്ത്തി പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ വിജയം നുണഞ്ഞു. വിജയികൾക്കായി ചാങ്തെ ഇരട്ട ഗോളുകൾ നേടിയപ്പോൾ ബിപിൻ സിങ്ങും നോഗ്വെറയും വല കുലുക്കി. ഒഡീഷയുടെ ഗോളുകൾ മൗറിസിയോ നേടി. ഇതോടെ വിജയം നേടാതെ നാല് മത്സരങ്ങൾ പിന്നിട്ട ഒഡീഷ ആറാം സ്ഥാനത്താണ്. മുംബൈ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി.
പതിവ് പോലെ മുംബൈക്ക് തന്നെ ആയിരുന്നു ആദ്യ പകുതിയിൽ മുൻതൂക്കം. മികച്ച അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ അവർക്കയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടി ആയി. തുടക്കത്തിൽ തന്നെ ബോക്സിന് പുറത്തു നിന്നുള്ള ഡീഗോ മൗറിസിയോയുടെ ദുർബല ഷോട്ട് മുംബൈ കീപ്പർ ലച്ചെൻപ കൈക്കലാക്കി. പേരെയ്ര ഡിയാസിനെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി അനുവദിച്ചില്ല. പിന്നീട് മുംബൈ ബോക്സിലേക്ക് ഉയർന്ന് വന്ന ബോൾ മെഹ്താബിന്റെ പിഴവിൽ നന്ദകുമാർ കൈക്കലാക്കി എങ്കിലും കീപ്പർ മാത്രം മുന്നിൽ നിൽക്കെ തൊടുത്ത ഷോട്ട് ലച്ചെൻപ തട്ടിയകറ്റി. ആദ്യ പകുതിയിലെ ഒഡീഷയുടെ ഏറ്റവും മികച്ച അവസരമായിരുന്നു ഇത്. പിന്നീട് മുംബൈയുടെ തുടർ ആക്രമണങ്ങളാണ് കാണാൻ സാധിച്ചത്. ഇടത് വിങ്ങിൽ ബിപിൻ സിങ്ങിന്റെ നിലം ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. വലത് വിങ്ങിൽ പേരെയ്ര ഡിയാസ് ഒഡീഷ ഡിഫെൻസിനെ പിളർത്തി ബോക്സിലേക്ക് നൽകിയ പാസ് ചാങ്ത്തെ പിടിച്ചെടുത്ത് പോസ്റ്റിന് മുന്നിലേക്കായി നൽകിയെങ്കിലും അമരീന്ദർ സിങ് സ്ഥാനം തെറ്റി നിന്ന കഴിഞ്ഞ പോസ്റ്റിലേക്ക് ഗ്രെഗ് സ്റ്റുവാർടിന് പന്തെത്തിക്കാൻ സാധിക്കാതെ ഇരുന്നത് അവിശ്വസനീയമായി.
ആദ്യ പകുതിയിലെ ഗോൾ വരൾച്ചയുടെ ക്ഷീണം തീർക്കുന്നതായിരുന്നു രണ്ടാം പകുതി. വല കുലുക്കാൻ ഉറച്ചു രണ്ടാം പകുതിയിൽ ഇറങ്ങിയ മുംബൈ അൻപതിയാറാം മിനിറ്റിൽ ലക്ഷ്യം കണ്ടു. വലത് വിങ്ങിൽ പേരെയ്ര ഡിയാസിന് പന്ത് കൈമാറി ബോക്സിലേക്ക് ഓടിക്കയറിയ ചാങ്ത് രണ്ട് പ്രതിരോധ തരങ്ങളുടെ ഇടയിലൂടെ തിരിച്ചു ലഭിച്ച ബോൾ പോസ്റ്റിന് മുന്നിൽ നിന്നായി നിറയൊഴിക്കുകയായിരുന്നു. എന്നാൽ ആറു മിനിറ്റിനു ശേഷം ഒഡീഷ മികച്ചൊരു ഗോളിലൂടെ സമനില നേടി. വിക്ടർ റോഡ്രിഗ്വസിൽ നിന്നും പാസ് സ്വീകരിച്ചു ബോക്സിലേക്ക് ഓടിക്കയറിയ മൗറിസിയോക്ക് ഗോൾ കീപ്പറെ അനായാസം കീഴ്പ്പെടുത്താനായി. അറുപത്തിയൊൻപതാം മിനിറ്റിൽ മുംബൈ വീണ്ടും ലീഡ് എടുത്തു. ഫ്രീക്കിൽ നിന്നെത്തിയ ബോൾ അമരീന്ദർ തടുത്തിട്ടെങ്കിലും തക്കം പാർത്തിരുന്ന ബിപിൻ സിങിലേക്ക് ബോൾ എത്തുമ്പോൾ തടുക്കാൻ ഒഡീഷ താരങ്ങൾ എത്തിയിരുന്നില്ല. താരം വീണ്ടും ടീമിന് ലീഡ് സമ്മാനിച്ചു. എൺപതാം മിനിറ്റിൽ മുംബൈയുടെ വിജയം ഉറപ്പിച്ച ഗോൾ എത്തി. മൈതാന മധ്യത്തിൽ നിന്നും കൈക്കലാക്കിയ ബോൾ അൽബെർട്ടോ നോഗ്വെര ചുറ്റും കൂടിയ ഒഡീഷ താരങ്ങളെ മറികടന്ന് നൽകിയ മനോഹരമായ ഒരു പാസ് ചാങ്തെ ഓടിയെടുത്തു. തടുക്കാൻ അമരീന്ദർ ബോക്‌സ് വിട്ടിറങ്ങിയെങ്കിലും ക്ലീയർ ചെയ്‌തത് വീണ്ടും കാലുകളിലേക്ക് തന്നെ എത്തിയപ്പോൾ ചാങ്തെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു. പിന്നീട് കീപ്പർ നീട്ടി നൽകിയ ബോൾ ഓടിയെടുത്ത ചാങ്തെ ഒരുക്കിയ അവസരത്തിൽ നോഗ്വെരയും ലക്ഷ്യം കണ്ടതോടെ മുംബൈയുടെ കുതിപ്പ് പൂർത്തിയായി. എക്സ്ട്രാ ടൈമിൽ ബോസ്‌കിന് തൊട്ടു പുറത്തു നിന്നും മൗറിസിയോ തൊടുത്ത ഒരു ബുള്ളറ്റ് ഷോട്ടിലൂടെ ഒഡീഷ ഒരു ഗോൾ കൂടി മടക്കി.