ക്രൊയേഷ്യൻ പ്രതിരോധ താരം ഡെയാൻ ലോവ്രെൻ ഒളിമ്പിക് ലിയോണിൽ. രണ്ടു വർഷത്തെ കരാറിൽ ആണ് തങ്ങളുടെ മുൻ താരത്തെ ലിയോൺ സെനിതിൽ നിന്നും എത്തിക്കുന്നത്. മുൻപ് 2010 മുതൽ മൂന്ന് വർഷത്തോളം ഫ്രഞ്ച് ടീമിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള താരം നൂറോളം മത്സരങ്ങൾ ടീമിനായി ഇറങ്ങിയിട്ടുണ്ട്. കൈമാറ്റ തുക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നിലവിലെ കരാറിൽ ആറ് മാസം മാത്രം ബാക്കിയുള്ളതിനാൽ വലിയ തുക മുടക്കേണ്ടി വന്നിട്ടില്ല എന്നാണ് സൂചനകൾ.
സീസണിൽ നാല് മത്സരങ്ങളിൽ മാത്രം കളത്തിൽ ഇറങ്ങിയ ജെറോം ബോട്ടങ്ങിന് പകരക്കാരനായിട്ടു കൂടിയാണ് ലോവ്രൻ ലിയോണിലേക്ക് എത്തുന്നത്. ലോകകപ്പിൽ ക്രൊയേഷ്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്ന മുപ്പതിമൂന്നുകാരന് ഈ പ്രകടനം ആവർത്തിക്കാൻ ആവുമെന്നാണ് ലിയോൺ കണക്ക് കൂട്ടുന്നത്. അനുഭവസമ്പത്തും അക്രമണോത്സുകതയും ചേർന്ന താരമാണ് ലോവ്രൻ എന്ന് ലിയോൺ മാനേജർ ബ്ലാങ്ക് പ്രതികരിച്ചു. ആറ് വർഷത്തോളം ലിവർപൂൾ ടീമിനായി അണിനിരന്ന താരം സതാംപ്ടണിലൂടെയാണ് പ്രിമിയർ ലീഗിൽ എത്തിയത്. ലിവർപൂൾ വിട്ട ശേഷം സെനിത് സെന്റ് പീറ്റഴ്സ്ബെർഗിനായി കളിച്ചു വരികയായിരുന്നു.