മുൻ പാകിസ്ഥാൻ ബൗളർ ഷൊയ്ബ് അക്തറിന്റെ ഏറ്റവും വേഗതയേറിയ പന്ത് എന്ന റെക്കോർഡ് തകർക്കാൻ തനിക്ക് ആകുമെന്ന് ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്. നന്നായി പരിശ്രമിക്കുകയും ഒപ്പം ഭാഗ്യം കനിയുകയും ചെയ്താൽ ആ റെക്കോർഡ് തകർക്കാൻ കഴിയുമെന്ന് ഉമ്രാൻ പറഞ്ഞു, 2003 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 161.3 കിലോമീറ്റർ വേഗതയിൽ അക്തർ എറിഞ്ഞ പന്താണ് ഇപ്പോൾ ക്രിക്കറ്റിലെ റെക്കോർഡ്.
“ഞാൻ നന്നായി കളിക്കുക ആണെങ്കിൽ, ഞാൻ ഭാഗ്യവാനാണെങ്കിൽ, ഞാൻ അത് തകർക്കും. പക്ഷെ ഞാൻ അതിനെക്കുറിച്ച് ഇപ്പോൾ ഒട്ടും ചിന്തിക്കുന്നില്ല. രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്നതിനെ കുറിച്ച് മാത്രമാണ് ഇപ്പോൾ ഞാൻ ചിന്തിക്കുന്നത്,” മാലിക് പറഞ്ഞു.
“മത്സരത്തിന്റെ സമയത്ത് നിങ്ങൾ എത്ര വേഗത്തിൽ പന്തെറിഞ്ഞുവെന്ന് നിങ്ങൾക്ക് മനസ്സിലാകില്ല. കളി കഴിഞ്ഞ് തിരിച്ചുവരുമ്പോൾ മാത്രമാണ് ഞാൻ എത്ര വേഗത്തിലായിരുന്നുവെന്ന് അറിയുന്നത്. കളിക്കിടെ, ശരിയായ ഏരിയകളിൽ ബൗളിംഗ് ചെയ്യുന്നതിലും വിക്കറ്റ് വീഴ്ത്തുന്നതിലും മാത്രമാണ് എന്റെ ശ്രദ്ധ, ”മാലിക് കൂട്ടിച്ചേർത്തു.