പതിവ് നയം തുടര്‍ന്ന് ഓസ്ട്രേലിയ!!! സന്നാഹ മത്സരങ്ങള്‍ വേണ്ട

Sports Correspondent

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സന്നാഹ മത്സരങ്ങള്‍ കളിക്കില്ലെന്ന് അറിയിച്ച് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്. ഫെബ്രുവരിയിൽ ആരംഭിയ്ക്കുന്ന പരമ്പരയിൽ ഇന്ത്യയും ഓസ്ട്രേലിയയും നാല് ടെസ്റ്റ് മത്സരങ്ങളിലാണ് കളിക്കുന്നത്.

ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാന്‍ സന്നാഹ മത്സരങ്ങളുടെ ആവശ്യമില്ലെന്നാണ് ഓസ്ട്രേലിയന്‍ കോച്ച് പറയുന്നത്. പാക്കിസ്ഥനെതിരെയുള്ള കഴിഞ്ഞ വര്‍ഷം മാര്‍ച്ചിൽ നടന്ന പരമ്പരയ്ക്ക് മുമ്പും ഓസ്ട്രേലിയ സന്നാഹ മത്സരങ്ങളിൽ കളിച്ചിരുന്നില്ല.

എവേ സീരീസുകളിൽ സന്നാഹ മത്സരങ്ങള്‍ കളിക്കുന്നതിൽ നിന്ന് കഴിഞ്ഞ കുറേ പരമ്പരകളായി ഓസ്ട്രേലിയ വിട്ട് നിൽക്കുകയാണെന്നും അത് തുടരുവാനാണ് തീരുമാനം എന്നും ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് വ്യക്തമാക്കി.