പി.എസ്.വി അയിന്തോവന്റെ ഡച്ച് യുവതാരം കോഡി ഗാക്പോയെ സ്വന്തമാക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ. ലോകകപ്പിൽ ഡച്ച് മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച 23 കാരനെ തീർത്തും അപ്രതീക്ഷിതമായി ആണ് ലിവർപൂൾ സ്വന്തമാക്കിയത്. സീസണിൽ ഡച്ച് ലീഗിൽ ഗോൾ അടിച്ചു കൂട്ടുന്ന ഗാക്പോ ലോകകപ്പിൽ മൂന്നു ഗോളുകൾ നേടി തിളങ്ങിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സ്വന്തമാക്കും എന്ന ദീർഘകാലത്തെ ശക്തമായ അഭ്യൂഹങ്ങൾക്ക് ശേഷമാണ് വളരെ പെട്ടെന്ന് നീക്കം നടത്തിയ ലിവർപൂൾ താരത്തെ ടീമിൽ എത്തിച്ചത്.
നിലവിൽ ക്ലബുകൾ തമ്മിൽ താരത്തെ കൈമാറാനുള്ള കരാറിൽ ഒപ്പിട്ടു എന്നാണ് വാർത്ത. ഏതാണ്ട് 50 മില്യൺ യൂറോ എങ്കിലും താരത്തിന് ആയി ലിവർപൂൾ മുടക്കിയിട്ടുണ്ട് എന്നാണ് സൂചന. വരും ദിനങ്ങളിൽ ഇംഗ്ലണ്ടിൽ എത്തുന്ന ഗാക്പോ മെഡിക്കൽ പൂർത്തിയാക്കുകയും ലിവർപൂളും ആയുള്ള കരാറിൽ ഒപ്പ് വക്കുകയും ചെയ്യും. പരിക്ക് വലക്കുന്ന ലിവർപൂളിന് ഗാക്പോയുടെ സാന്നിധ്യം വലിയ ശക്തിയാണ് പകരുക. അതേസമയം വലിയ തിരിച്ചടിയാണ് എറിക് ടെൻ ഹാഗിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും ഇത്.