ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ തോൽവിക്ക് പിന്നാലെ ബ്രസീൽ പരിശീലക സ്ഥാനം ഒഴിഞ്ഞ് ടിറ്റെയ്ക്ക് പകരക്കാരെ തേടുകയാണ് ടീം ഇപ്പോഴും. ബ്രസീൽ ഇത്തവണ വിദേശ പരിശീലകരെ ആണ് ലക്ഷ്യമിടുന്നത്. സാധ്യതാ ലിസ്റ്റിൽ ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാനും ഉണ്ട് എന്ന് ഫ്രഞ്ച് മാധ്യമം ആയ L’Équipe റിപ്പോർട്ട് ചെയ്യുന്നു.
മൗറീഷ്യോ പോച്ചെറ്റിനോ, തോമസ് ടുച്ചൽ റാഫേൽ ബെനിറ്റസ് എന്നിവരെക്കാൾ സാഷ്യത ഇപ്പോൾ സിദാന് ആണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ ബ്രസീൽ ആഞ്ചലോട്ടിയെ ലക്ഷ്യമിട്ടിരുന്നു എങ്കിലും റയൽ മാഡ്രിഡ് വിടില്ല എന്ന് ആഞ്ചലോട്ടി പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം സിനദീൻ സിദാൻ ഇതുവരെ ഒരു ജോലിയിലും പ്രവേശിച്ചിട്ടില്ല. ഫ്രാൻസിന്റെ പരിശീലകനാകാൻ സിദാൻ ആഗ്രഹിച്ചു എങ്കിലും ദെഷാംസ് ആ സ്ഥാനത്ത് തുടരും എന്നാണ് സൂചനകൾ.
വിനീഷ്യസ്, കാസെമിറോ എന്നി ബ്രസീലിയൻ താരങ്ങളെ മുമ്പ് റയലിൽ പരിശീലിപ്പിച്ചിട്ടുള്ള ആളാണ് സിദാൻ. റയലിനൊപ്പം ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ സിദാനെ പരിശീലകനായി എത്തിക്കാൻ പല യൂറോപ്യൻ ക്ലബുകളും നേരത്തെ ശ്രമിച്ചിരുന്നു.