ചെന്നൈയിൻ എഫ്സിയേയും വീഴ്ത്തി മുംബൈ സിറ്റി എഫ്സി സീസണിലെ അപരാജിത കുതിപ്പ് തുടരുന്നു. മുംബൈയിൽ വെച്ചു നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ആതിഥേയരുടെ വിജയം. ലാൽ ചാങ്ത്തെ, ഗ്രെഗ് സ്റ്റുവാർട് എന്നിവർ വിജയികൾക്കായി ഗോൾ നേടിയപ്പോൾ സ്ലിസ്കോവിച്ചിന്റെ വക ആയിരുന്നു ചെന്നൈയിന്റ ഗോൾ. ഇതോടെ മുംബൈ ഒന്നാം സ്ഥാനത്തേക്ക് മടങ്ങി എത്തിയപ്പോൾ ചെന്നൈയിൻ ഏഴാം സ്ഥാനത്ത് തുടരുകയാണ്.
ആവേശകരമായിരുന്നു ആദ്യ പകുതി. ലീഗിൽ അപരാജിതരായി മുന്നേറുന്ന മുംബൈക്കെതിരെ ചെന്നൈയിൻ തെല്ലും ഭയപ്പെടാതെ അക്രമണാത്മകമായ കളി തന്നെ പുറത്തെടുത്തു. പതിയെ മുംബൈ മത്സരത്തിൽ മേൽകൈ നേടാൻ ശ്രമിക്കുന്നതിനിടെ മുപ്പത്തിനാലാം മിനിറ്റിൽ ചെന്നൈയിന്റെ ഗോൾ എത്തി. ഇടത് വിങ്ങിൽ കനത്ത പ്രെസ്സിങ്ങിൽ മുർത്തദയിൽ നിന്നും നഷ്ടമായ ബോൾ ജൂലിയസ് ഡ്യുക്കറിൽ എത്തി. താരം പെട്ടെന്ന് തന്നെ ബോക്സിനുള്ളിലേക്ക് സ്ലിസ്കോവിച്ചിന് ബോൾ നൽകിയപ്പോൾ മുംബൈ ഡിഫെൻസിന് താരം പന്ത് വലയിലേക്ക് എത്തിക്കുന്നത് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ. സീസണിൽ രണ്ടാം മത്സരത്തിലും മുംബൈക്കെതിരെ ലീഡ് എടുത്തെങ്കിലും നാല് മിനിറ്റുകൾ മാത്രമാണ് ചെന്നൈയിന്റെ ആഹ്ലാദത്തിന് ആയുസ് ഉണ്ടായിരുന്നത്.
ചാങ്ത്തെയുടെ അതിമനോഹരമായ ഒരു ഗോൾ ആണ് മുംബൈക്ക് സമനില സമ്മാനിച്ചത്. ഫ്രീകിക്കിലൂടെ എത്തിയ ബോൾ അഹമ്മദ് ജഹോഹ് ചാങ്ത്തെക്ക് നൽകി. ബോക്സിന് തൊട്ടു പുറത്തു നിന്നും ഇടത് കാൽ കൊണ്ട് പന്ത് നിയന്ത്രിച്ച താരം നിലം തൊടുന്നത് മുന്നേ ഉതിർത്ത വലംകാലൻ ഷോട്ട് എതിർ താരങ്ങൾക്ക് മുകളിലൂടെ വലയിലേക്ക് ഇടിച്ചു കയറി. ചാങ്ത്തെ വലത് വിങ്ങിൽ നിന്നും നൽകിയ ക്രോസുകൾ പോസ്റ്റിന് മുൻപിൽ വെച്ചു പലതവണ ബിപിൻ സിങ്ങിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആവാതെ പോയിരുന്നു.
രണ്ടാം പകുതിയിലും മത്സരഗതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായില്ല. ചെന്നൈയിൽ ആക്രമിച്ചു തന്നെ കളിച്ചപ്പോൾ പ്രത്യാക്രമണത്തിന് കാത്തിരിക്കുകയായിരുന്നു മുംബൈ. അൻപതിയേഴാം മിനിറ്റിൽ മുംബൈ ലീഡ് എടുത്തു. ഇടത് വിങ്ങിൽ നിന്നും ബിപിൻ നൽകിയ പന്ത് പെരേര ഡിയാസ്, ഗ്രെഗ് സ്റ്റുവർട്ടിന് നൽകുക ആയിരുന്നു. താരം അനായാസം വല കുലുക്കി. വീണ്ടും ചെന്നൈയിൻ തന്നെ പന്തിലുള്ള ആധിപത്യം തുടർന്നു. മുംബൈയുടെ നീക്കങ്ങൾ പക്ഷേ പലപ്പോഴും അപകടകരമായിരുന്നു. എങ്കിലും പതിവ് പോലെ എതിർ വല നിറക്കാനുള്ള ശ്രമങ്ങളിൽ നിന്നും മുംബൈ അകന്ന് നിന്നു. ഇതോടെ മത്സരത്തിന്റെ ബാക്കിയുള്ള സമയത്ത് സന്ദർശകരെ ഫലപ്രദമായി തടഞ്ഞു വിജയം ഉറപ്പിക്കാനും അവർക്കായി.