ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതിനു ശേഷമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ വിജയം. ഇന്ന് ലീഗ് കപ്പിന്റെ റൗണ്ട് ഓഫ് 16ൽ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ബേർൺലിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് തോൽപ്പിച്ചത്. ഗോളുമായി റാഷ്ഫോർഡും എറിക്സണും യുണൈറ്റഡിനായി തിളങ്ങി.
പ്രധാന സെന്റർ ബാക്ക് കൂട്ടുകെട്ട് ഇല്ലാതെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങിയത്. കസെമിറോയും ലിൻഡെലോഫും ആണ് യുണൈറ്റഡിന്റെ ഡിഫൻസീവ് കൂട്ടുകെട്ടായത്. അതൊന്നും യുണൈറ്റഡിനെ അലട്ടിയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് നന്നായി തുടങ്ങുയകും 27ആം മിനുട്ടിൽ ലീഡ് എടുക്കുകയും ചെയ്തു.
ബ്രൂണോ തുടങ്ങിയ അറ്റാക്ക് വലതു വിങ്ങിൽ ഒരു ഡൈവിംഗ് അസിസ്റ്റിലൂടെ വാൻ ബിസാക എറിക്സണ് നൽകി. ഡെന്മാർക്ക് താരം എളുപ്പത്തിൽ വലയിലേക്ക് എത്തിച്ചു. സ്കോർ 1-0.
രണ്ടാം പകുതിയിലാണ് രണ്ടാം ഗോൾ വന്നത്. മത്സരത്തിലെ ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. വലതു വിങ്ങിലൂടെ റാഷ്ഫോറ്റ്ഡ് ഒറ്റക്ക് നടത്തിയ മുന്നേറ്റം ബേർൺലി ഡിഫൻസിനെ ആകെ ഞെട്ടിച്ചു. പെനാൾട്ടി ബോക്സിൽ വെച്ച് മനോഹര സ്ട്രൈക്കിലൂടെ റാഷ്ഫോർഡ് വലയും കണ്ടെത്തി. സ്കോർ 2-0.
ഈ ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു. ഇനി ഡിസംബർ 27ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിടും. അന്നും വരാനെയും ലിസാൻഡ്രോയും മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിൽ ഉണ്ടാകാൻ സാധ്യതയില്ല.