ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ ആറാം വിജയൻ തടഞ്ഞ് ചെന്നൈയിൻ എഫ് സി. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം വിൻസി ബെരറ്റോ നേടിയ ഗോളാണ് ചെന്നൈയിന് സമനില നൽകിയത്. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്.
ഇന്ന് മറീന അരീനയിൽ കരുതലോടെ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് കളി പുരോഗമിക്കുന്നതോടെ അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. 22ആം മിനുട്ടിൽ അഡ്രിയാൻ ലൂണ എടുത്ത ഒരു ലോങ് ഫ്രീകിക്ക് ദെബിജിത് തടഞ്ഞത് കൊണ്ട് ബ്ലാസ്റ്റേഴ്സ് ലീഡ് എടുക്കാൻ വൈകി. എന്നാൽ തൊട്ടടുത്ത മിനുട്ടിൽ സഹലിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു.
ഇവാൻ കലിയുഷ്നിയുടെ ത്രൂ പാസ് സ്വീകരിച്ച സഹൽ ദെബിജിതിന് മുകളിലൂടെ ചിപ് ചെയ്ത് വലയിൽ എത്തിച്ചു. സഹലിന്റെ ഈ സീസണിലെ മൂന്നാം ഗോളായി ഇത്.
രണ്ടാ പകുതിയുടെ തുടക്കത്തിൽ തന്നെ ചെന്നൈയിൻ തിരിച്ചടിച്ചു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം വിൻസി ബരെറ്റോ ആണ് സമനില ഗോൾ നേടിയത്. റഹീം അലിയുടെ മനോഹര ഷോട്ട് ഗിൽ തടഞ്ഞു എങ്കിലും റീബൗണ്ടിൽ വിൻസി വലയിലേക്ക് പന്ത് എത്തിച്ചു. സ്കോർ 1-1.
ഇതിനു ശേഷം ബ്ലാസ്റ്റേഴ്സ് ഗോളിനായി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ഗോൾ കണ്ടെത്താനായി ബ്ലാസ്റ്റേഴ്സ് ജിയാനുവിനെയും സൗരവിനെയും കളത്തിൽ ഇറക്കി. അവസാനം വരെ ശ്രമിച്ചു എങ്കിലും സമനിലയിൽ കളി അവസാനിച്ചു.
10 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ലീഗിൽ നാലാമത് നിൽക്കുകയാണ് ബ്ലാസ്റ്റേഴ്സ്. ചെന്നൈയിൻ 14 പോയിന്റുമായി ഏഴാം സ്ഥാനത്ത് ആണ്