“ലോകജേതാവായി വരൂ, റിവർപ്ലേറ്റിൽ വിരമിക്കാം”

Nihal Basheer

ഖത്തറിൽ അർജന്റീനൻ ഡിഫെൻസിന്റെ നെടുംതൂണായി നിലകൊള്ളുന്ന നിക്കോളാസ് ഒട്ടാമെന്റിക്ക് റിവർപ്ലേറ്റിലേക്ക് ക്ഷണം. ടീമിന്റെ പുതിയ കോച്ച് ആയി ചുമതലയേറ്റ മാർട്ടിൻ ഡെമിഷെലിസാണ് താരത്തെ അർജന്റീനയിലേക്ക് തിരിച്ചു വിളിച്ചത്. “അദ്ദേഹം മികച്ച താരമാണ്. യൂറോപ്പിൽ അതിഗംഭീരമായ കരിയർ ആണ് അദ്ദേഹം പടുത്തുയർത്തിയത്. മുപ്പത്തിനാലാം വയസിലും ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാൾ ആണ് ഒട്ടാമെന്റി. അദ്ദേഹത്തെ ഞങ്ങൾക്ക് വേണം. എനിക്ക് ഒട്ടാമെന്റിനെ നല്ലപോലെ അറിയാം, അദ്ദേഹം ഒരു റിവർപ്ലേറ്റ് ആരാധകൻ ആണ്”. ഡെമിഷെലിസ് പറഞ്ഞു.

ഇത്തവണ കിരീടം ഉയർത്താൻ ഒട്ടാമെന്റിക്ക് ആവട്ടെ എന്ന് റിവേർപ്ലേറ്റ് കോച്ച് ആശംസിച്ചു. “അദ്ദേഹം കിരീടം നേടട്ടെ എന്നാശംസിക്കുന്നു, പിന്നീട് റിവർപ്ലേറ്റ് എത്തി കരിയറിന് നാന്ദി കുറിക്കണം. അർജന്റീനൻ ഫുട്ബോൾ ഒന്നാകെ നിങ്ങളെ ആദരിക്കും. ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാൾ ആണെന്ന് അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണ്”. ഡെമിഷെലിസ് പറഞ്ഞു. അർജന്റീനൻ ദേശിയ ടീമിലും മാഞ്ചസ്റ്റർ സിറ്റിയിലും ഡെമിഷെലിസിന്റെ സഹതാരം കൂടി ആയിരുന്നു ഒട്ടാമെന്റി.