ഇംഗ്ലീഷ് ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റ് ചെൽസി മൂന്നാം റൗണ്ടിൽ പുറത്തായി. കഴിഞ്ഞ നാലു മത്സരങ്ങളിൽ നിന്നു ചെൽസി നേരിടുന്ന മൂന്നാം തോൽവിയാണ് ഇത്. പരിക്കിൽ നിന്നു മുക്തി നേടി കൗലിബാലി ഇറങ്ങിയ മത്സരത്തിൽ താരതമ്യേന ശക്തമായ ടീമും ആയാണ് ഇരു ടീമുകളും ഇറങ്ങിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് സിറ്റിയുടെ ഗോളുകൾ പിറന്നത്.
53 മത്തെ മിനിറ്റിൽ ഫ്രീകിക്കിൽ നിന്നു റിയാദ് മാഹ്രസും 5 മിനിറ്റുകൾക്ക് ശേഷം റീബൗണ്ടിൽ നിന്നു ജൂലിയൻ അൽവാരസും ആണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഗോളുകൾ നേടിയത്. മത്സരത്തിൽ ലഭിച്ച സുവർണ അവസരങ്ങൾ പാഴാക്കിയ ചെൽസി ജയം കൈവിടുക ആയിരുന്നു. ലൂയിസ് ഹാൾ, ക്രിസ്റ്റിയൻ പുലിസിച്ച്, മേസൻ മൗണ്ട്, റഹീം സ്റ്റെർലിങ് എന്നിവർ എല്ലാം തങ്ങളുടെ ലഭിച്ച മികച്ച അവസരങ്ങൾ പാഴാക്കി. സിറ്റിക്ക് ആയി അവരുടെ രണ്ടാം ഗോൾ കീപ്പർ ഓർട്ടെഗ മികച്ച പ്രകടനം ആണ് നടത്തിയത്. മറ്റൊരു ലീഗ് കപ്പ് കിരീടം ലക്ഷ്യമിട്ട് കുതിക്കുന്ന സിറ്റിക്ക് ഈ ജയം കരുത്ത് പകരും.