ജർമ്മൻ ബുണ്ടസ് ലീഗയിൽ മൂന്നാം സ്ഥാനക്കാരായ എസ്.സി ഫ്രയ്ബർഗിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു ആർ.ബി ലൈപ്സിഗ് അഞ്ചാം സ്ഥാനത്തേക്ക് കയറി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് മത്സരത്തിലെ ഗോളുകൾ പിറന്നത്. മുഹമ്മദ് സിമകൻ ഗോൾ വേട്ട തുടങ്ങിയപ്പോൾ ലോകകപ്പിനുള്ള ഫ്രാൻസ് ടീമിലേക്ക് എത്തിയത് ക്രിസ്റ്റഫർ എങ്കുങ്കു ഗോളുമായി ആഘോഷിച്ചു. ലൂകാസ് കുബ്ളർ ഒരു ഗോൾ ഫ്രയ്ബർഗിനു ആയി മടക്കി. എന്നാൽ എമിൽ ഫോർസ്ബർഗിന്റെ പെനാൽട്ടി ലൈപ്സിഗ് ജയം പൂർത്തിയാക്കുക ആയിരുന്നു.
അതേസമയം ലീഗിൽ രണ്ടാം സ്ഥാനക്കാർ ആയ യൂണിയൻ ബെർലിൻ ഓഗ്സ്ബർഗിനോട് സമനില വഴങ്ങി. ആദ്യ പകുതിയിൽ എല്ലാ ഗോളുകളും പിറന്ന മത്സരത്തിൽ 2-2 നു ബെർലിൻ സമനില വഴങ്ങുക ആയിരുന്നു. അവസാന സ്ഥാനക്കാർ ആയ ഷാൽക മൈൻസിനെ ഒരു ഗോളിന് അട്ടിമറിച്ചപ്പോൾ ഹോഫൻഹെയിമിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ഫ്രാങ്ക്ഫർട്ട് മറികടന്നു. ജയത്തോടെ ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയരാനും അവർക്ക് ആയി.