രണ്ടു മാസത്തെ ഇടവേളക്ക് ശേഷം കളത്തിലേക്ക് തിരിച്ചെത്തിയ ലുക്കാകുവിനെ വിട്ടൊഴിയാതെ പരിക്കിന്റെ ആശങ്കകൾ. താരത്തിന് വീണ്ടും പരിക്കേറ്റതായി ഇന്റർ മിലാൻ അറിയിച്ചു. ഇടത് തുടയുടെ മസിലുകൾക്ക് ഏറ്റ പരിക്ക് താരത്തെ വീണ്ടും ദിവസങ്ങളോളം പുറത്തിരുത്തും. ഇതോടെ ചാമ്പ്യൻസ് ലീഗിൽ ബയേണുമായുള്ള മത്സരത്തിന് താരത്തിന്റെ സേവനം ഇന്ററിന് ലഭ്യമാവില്ല. അടുത്ത റൗണ്ടിലേക്ക് നേരത്തെ യോഗ്യത നേടിയതിനാൽ ഇത് ടീമിനെ കാര്യമായി ബാധിക്കില്ല.
കഴിഞ്ഞ വാരം വിക്ടോറിയാ പ്ലെസനെതിരായ മത്സരത്തിലൂടെയായിരുന്നു ലുക്കാകു ഒരിടവേളക്ക് ശേഷം വീണ്ടും കളത്തിലേക്ക് തിരിച്ചെത്തിയത്. ഒരു ഗോളും ഈ മത്സരത്തിൽ നേടാൻ താരത്തിനായി. തുടർന്ന് സാംപ്ഡോറിയക്കെതിരായ ലീഗ് മത്സരത്തിലും ലുക്കാകു കളത്തിൽ ഇറങ്ങി. ലോകകപ്പിന് താരം എത്തുമെന്നാണ് പ്രതീക്ഷ എങ്കിലും അതിന് മുമ്പ് യുവന്റസ്, ബൊളോഗ്ന, അറ്റലാന്റ എന്നിവരെ നേരിടാൻ ഉള്ളതിനാൽ ലുക്കാകുവിന്റെ പെട്ടെന്നുള്ള തിരിച്ചു വരവാണ് ഇന്റർ പ്രതീക്ഷിക്കുന്നത്.