ഇന്നാണ് ഏവരും കാത്തു നിന്ന ആ മത്സരം. ലോകകപ്പിൽ ഒരിക്കൽ കൂടെ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നു. സൂപ്പർ 12ലെ ഇരു ടീമുകളുടെയും ആദ്യ മത്സരം. ആദ്യ മത്സരം ആയതു കൊണ്ട് തന്നെ ഇരു ടീമുകൾക്കും നിർണായകമാണ് ഈ മത്സരം. ഏഷ്യാ കപ്പിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യക്കും പാകിസ്താനും ഒരോ വിജയം വീതം നേടാൻ ആയിരുന്നു. എന്നാൽ അന്ന് നിർണായകമായ അവസാന മത്സരത്തിൽ പാകിസ്താൻ ആയിരുന്നു വിജയിച്ചത്.
കഴിഞ്ഞ ലോകകപ്പും ഇന്ത്യക്ക് നല്ല ഓർമ്മ അല്ല നൽകുന്നത്. ഇന്ന് കണക്കുകൾ എല്ലാം തീർക്കുക ആകും ഇന്ത്യയുടെ ലക്ഷ്യം. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ കീഴിയിൽ ഇന്ത്യയുടെ ആദ്യ ലോകകപ്പ് ആണിത്. 9 വർഷമായി ഒരു ഒരു ഐ സി സി ഇവന്റ് വിജയിക്കാത്ത ഇന്ത്യക്ക് ആ കാത്തിരിപ്പ് അവസാനിപ്പിക്കേണ്ടതുണ്ട്.
ബാറ്റിംഗ് ഇലവനിൽ വലിയ ആശങ്ക ഇല്ലാത്ത ഇന്ത്യയുടെ പ്രശ്നം ബൗളിംഗിൽ ആണ് കിടക്കുന്നത്. സന്നാഹ മത്സരത്തിൽ ഷമി എറിഞ്ഞ അവസാന ഓവർ മാത്രമാണ് ലോകകപ്പിലേക്ക് പോകുമ്പോൾ ഉള്ള ഇന്ത്യയുടെ പ്രതീക്ഷ. പാകിസ്താൻ ആകട്ടെ ഷഹീൻ അഫ്രീദി പരിക്ക് മാറി തിരികെയെത്തിയ ആശ്വാസത്തിലും ആണ്.
ഇന്ന് ഉച്ചയ്ക്ക് 1.30നാണ് മത്സരം. കളി ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും തത്സമയം കാണാം.