റയൽ മാഡ്രിഡ് ഇതിഹാസം ഫെർണാണ്ടോ ഹിയെറോ കരിയറിൽ പുതിയ വേഷങ്ങളിലേക്ക്. മെക്സിക്കൻ ക്ലബ്ബ് ആയ ഷിവാസിന്റെ സ്പോർട്ടിങ് ഡയറക്ടർ ആയി മുൻ സ്പാനിഷ് താരം ചുമതലയേറ്റു. മെക്സിക്കൻ ലീഗിൽ തിരിച്ചടി നേരിട്ടതോടെയാണ് ഷാവേസ് ഡേ ഗ്വാഡലഹാഡ ടീമിന്റെ തലപ്പത്ത് അഴിച്ചു പണിക്ക് ഒരുങ്ങിയത്. മികച്ച താരങ്ങളെ പുതുതായി ക്ലബ്ബിലേക്ക് എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഹിയെറോയുടെ സാന്നിധ്യം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ടീം.
മുൻപ് സ്പാനിഷ് ടീമായ മലാഗയിൽ സ്പോർട്ടിങ് ഡയറക്ടർ സ്ഥാനത്ത് ഇരുന്ന പരിചയം അദ്ദേഹത്തിനുണ്ട്. ആൻസലോട്ടിക്കൊപ്പം 2014ൽ റയൽ മാഡ്രിഡിന്റെ അസിസ്റ്റന്റ് കോച്ചായും പ്രവർത്തിച്ചിരുന്നു. 2018ൽ സ്പാനിഷ് ദേശിയ ടീമിൽ കോച്ച് ലോപറ്റ്യുഗിയെ പുറത്താക്കണ്ടേ അസാധാരണ സംഭവങ്ങൾ ഉണ്ടായപ്പോൾ ടീം അഭയം പ്രാപിച്ചതും ഹിയെറോയെ ആയിരുന്നു. 1989 നും 2003 നും റയലിനായി നാന്നൂറ്റി മുപ്പതോളം മത്സരങ്ങളിൽ ബൂട്ട് കെട്ടി. സ്പാനിഷ് ഫുട്ബാൾ അസോസിയേഷന്റെ ഡയറക്ടർ ചുമതലയിലും പ്രവർത്തിച്ച പരിചയം അദ്ദേഹത്തിനുണ്ട്.