വനിത ഏഷ്യ കപ്പ് ടി20യിൽ ഇന്ത്യയ്ക്ക് പരാജയം. ഇന്ന് 137/6 എന്ന സ്കോര്‍ നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ 124 റൺസിനൊതുക്കിയാണ് 13 റൺസിന്റെ വിജയം കരസ്ഥമാക്കിയത്. 19.4 ഓവറിൽ ആണ് ഇന്ത്യ ഓള്‍ഔട്ട് ആയത്. ഏഷ്യ കപ്പിൽ ഇന്നലെ തായ്‍ലാന്‍ഡിനോട് പരാജയപ്പെട്ട പാക്കിസ്ഥാന് പ്രഛോദനമാകുന്ന വിജയം ആണ് ഇത്.
ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാനാകാതെ പോയപ്പോള്‍ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളുമായി പാക്കിസ്ഥാന്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. അവസാന ഓവറുകളിൽ റിച്ച ഘോഷ് കൂറ്റനിടകളുമായി ചെറിയ പ്രതീക്ഷ ഇന്ത്യന്‍ ക്യാമ്പിൽ നൽകിയെങ്കിലും താരവും വേഗത്തിൽ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
26 റൺസ് നേടിയ റിച്ചയാണ് ടീമിന്റെ ടോപ് സ്കോറര്‍. ഹേമലത 20 റൺസ് നേടി. പാക്കിസ്ഥാന് വേണ്ടി നശ്ര സന്ധു മൂന്നും സാദിയ ഇക്ബാൽ, നിദ ദാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
അവസാന അഞ്ചോവറിൽ 48 റൺസായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്. ഇന്നിംഗ്സിലെ 16ാം ഓവറിൽ ദീപ്തി ശര്‍മ്മയുടെ(16) വിക്കറ്റ് പാക്കിസ്ഥാന്‍ നേടിയപ്പോള്‍ ഓവറിൽ നിന്ന് വെറും 1 റൺസാണ് വന്നത്.
തൊട്ടടുത്ത ഓവറിൽ ഹര്‍മ്മന്‍പ്രീത് കൗറിന്റെ വിക്കറ്റും നഷ്ടമായതോടെ ഇന്ത്യയുടെ പതനം പൂര്‍ത്തിയായി. 18ാം ഓവറിൽ റിച്ച ഘോഷ് രണ്ട് സിക്സര്‍ പറത്തിയപ്പോള്‍ രാധ യാദവിനെ ഇന്ത്യയ്ക്ക് നഷ്ടമായി.
രണ്ടോവറിൽ 28 റൺസെന്ന ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയുടെ പക്കൽ വെറും 2 വിക്കറ്റ് മാത്രമാണുണ്ടായിരുന്നത്. റിച്ച ഘോഷ് സാദിയ ഇക്ബാലിനെ ഒരു സിക്സും ഒരു ഫോറും പറത്തിയപ്പോള്‍ തൊട്ടടുത്ത പന്തിൽ റിച്ചയുടെ വിക്കറ്റ് സാദിയ വീഴ്ത്തി. 13 പന്തിൽ 26 റൺസായിരുന്നു റിച്ച നേടിയത്.