വെംബ്ലി സ്റ്റേഡിയത്തിന്റെ ചരിത്രത്തിലേക്ക് ഒരു ക്ലാസിക് മത്സരം കൂടെ. ഇന്ന് നാഷൺസ് ലീഗിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇംഗ്ലണ്ടും ജർമ്മനിയും അത്തരമൊരു പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ഇംഗ്ലണ്ട് തിരിച്ചടിച്ച് കൊണ്ട് 3-2ന് മുന്നിൽ എത്തി എങ്കിലും അവസാനം ജർമ്മനിൽ 3-3ന്റെ സമനില കണ്ടെത്തി.
ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നിരുന്നില്ല. 52ആം മിനുട്ടിൽ മഗ്വയർ വഴങ്ങിയ ഒരു പെനാൾട്ടി ജർമ്മനിക്ക് ലീഡ് നൽകി. ഗുണ്ടൊഗനാണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. 67ആം മിനുട്ടിൽ ഹവേട്സിലൂടെ ജർമ്മനി രണ്ടാം ഗോൾ നേടിയപ്പോൾ ഇംഗ്ലണ്ടിന്റെ മറ്റൊരു പരാജയം ആണ് പ്രതീക്ഷിച്ചത്.
പക്ഷെ ഇംഗ്ലണ്ട് പൊരുതി കളിയിലേക്ക് തിരികെ വന്നു. 71ആം മിനുട്ടിൽ ലെഫ്റ്റ് ബാക്കായ ലൂക് ഷോയിലൂടെ ആദ്യ ഗോൾ. ഇതിനു പിന്നാലെ 75ആം മിനുട്ടിൽ ചെൽസി താരം മൗണ്ടിലൂടെ സമനില ഗോൾ. ഇതോടെ ആരാധകരുടെ പിന്തുണ കൂടെ ലഭിച്ച ഇംഗ്ലണ്ട് വിജയ ഗോളിനായി ശ്രമിച്ചു. 82ആം മിനുട്ടിൽ അവർക്ക് ഒരു പെനാൾട്ടി ലഭിച്ചു. ഇത് ക്യാപ്റ്റൻ ഹാരി കെയ്ൻ ലക്ഷ്യത്തിൽ എത്തിച്ചതോടെ. ഇംഗ്ലണ്ട് 3-2ന്റെ ലീഡിൽ.
എന്നിട്ടും വിജയം ഉറപ്പിക്കാൻ ഇംഗ്ലണ്ടിനായില്ല. 87ആം മിനുട്ടിലെ നിക് പോപിന്റെ ഒരു പിഴവ് ഹവേർട്സ് മുതലെടുത്ത് ജർമ്മനിയുടെ മൂന്നാം ഗോൾ നേടി. ഇതോടെ കളി 3-3 എന്നായി. കളി സമനിലയിൽ അവസാനിച്ചു. ഇംഗ്ലണ്ട് നേരത്തെ തന്നെ നാഷൺസ് ലീഗിൽ നിന്ന് റിലഗേറ്റ് ആയിരുന്നു.