ലില്ലേ മധ്യനിര താരം അമാദു ഒനാനക്ക് വേണ്ടിയുള്ള പ്രീമിയർ ലീഗ് ടീമുകളുടെ വടംവലിയിൽ എവർടന് വിജയം. ആദ്യം മുന്നിട്ടിറങ്ങിയ വെസ്റ്റ്ഹാമിന് താരത്തെ സ്വന്തമാക്കാനായില്ല. ഇരുപത്തുകാരനായ താരത്തിന് വേണ്ടി വെസ്റ്റ്ഹാം മുപ്പതിമൂന്ന് മില്യൺ പൗണ്ടിന്റെ ഓഫർ ലില്ലേക്ക് മുന്നിൽ സമർപ്പിച്ചിരുന്നു. ലില്ലേ ഈ ഓഫർ പൂർണമായി അംഗീകരിച്ചിരുന്നു. എങ്കിലും താരവുമായി ചർച്ചകൾ നടത്തി ധാരണയിൽ എത്താൻ ആയിരുന്നില്ല. തുടർന്ന് താരത്തിന് വേണ്ടി കളത്തിലിറങ്ങിയ എവർടന് വെസ്റ്റ്ഹാം സമർപ്പിച്ച തുകക്ക് തുല്യമായ ഓഫർ തന്നെ ലില്ലേക്ക് മുന്നിൽ വെച്ചു. ഒനാനക്കും എവർടണിലോട്ടു പോകാൻ ആയിരുന്നു താല്പര്യം എന്നതിനാൽ അവരുമായി വ്യക്തിപരമായ കരാറിലും എത്താൻ കഴിഞ്ഞു. ഇതോടെ കാര്യങ്ങൾ പൂർണമായും വെസ്റ്റ്ഹാമിന്റെ കൈവിട്ടു.
ഹോഫൻഹെയീം യൂത്ത് ടീമുകളിലൂടെ വളർന്ന ഒനാന 2020ലാണ് ഹാംബർഗറിലേക്കും തുടർന്ന് അടുത്ത സീസണിൽ ലില്ലേയിലേക്കും എത്തുന്നത്. ഫ്രഞ്ച് ടീമിന് വേണ്ടി മുപ്പത്തിയൊന്ന് മത്സരങ്ങളിൽ ഇറങ്ങി. ഡിഫെൻസിവ് മിഡ്ഫീൽഡർ സ്ഥാനത്തെ മികച്ച പ്രകടനം നിരവധി ടീമുകളുടെ ശ്രദ്ധയാകർശിച്ചു. സെനഗലിൽ ജനിച്ചു ബെൽജിയത്തിലേക്ക് കുടിയേറിയ ഒനാന യൂത്ത് ടീമുകളിലും സീനിയർ തലത്തിലും ബെല്ജിയതിനെ ആണ് പ്രതിനിധികരിച്ചത്. ദേശിയ ടീമിന് വേണ്ടി ഈ വർഷമാണ് അരങ്ങേറ്റം കുറിച്ചത്.
Story Highlight: Amadou Onana will undergo medical tomorrow as new Everton player,