ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇംഗ്ലണ്ടിന് എതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയിക്കാൻ വേണ്ടിയിരുന്ന 260 റൺസ് 42.1 ഓവറിൽ 5 മാത്രം നഷ്ടത്തിൽ ഇന്ത്യ പിന്തുടർന്നു. ഈ വിജയത്തോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.
രണ്ടാമാതായി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് അത്ര നല്ല തുടക്കം ആയിരുന്നില്ല. ഒരു റൺസ് എടുത്ത ധവാൻ, 17 റൺസ് വീതം എടുത്ത രോഹിത് ശർമ്മ, കോഹ്ലി എന്നിവരെ ഇന്ത്യക്ക് പെട്ടെന്ന് നഷ്ടമായി. 16 റൺസ് എടുത്ത സൂര്യകുമാറിനും പിടിച്ചു നിൽക്കാൻ ആയില്ല. അതിനു ശേഷം ഹാർദ്ദിക്കും പന്തും കൂടി കളിയുടെ ഗതി മാറ്റി.
ഇന്ന് നാലു വിക്കറ്റ് എടുത്ത് ബൗൾ കൊണ്ട് തിളങ്ങിയ ഹാർദ്ദിക്ക് തീർത്തും ആക്രമിച്ചാണ് ബാറ്റു ചെയ്തത്. 55 പന്തിൽ 71 റൺസ് എടുക്കാൻ ഹാർദ്ദിക്കിനായി. മറുവശത്ത് പന്തും ഇംഗ്ലണ്ട് ബൗളർമാരെ വട്ടം കറക്കി. മികച്ച ഷോട്ടുകളുമായി പന്ത് സെഞ്ച്വറിയുമായി വിജയത്തിലേക്ക് നയിച്ചു. 113 പന്തിൽ നിന്ന് 125 റൺസ് ആണ് പന്ത് അടിച്ചത്. 42ആം ഓവറിൽ വില്ലിയെ തുടർച്ചയായി അഞ്ച് ഫോർ അടിച്ച് പന്ത് ഇന്ത്യയെ വിജയത്തിലേക്ക് വേഗം എത്തിച്ചു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 45.5 ഓവറിൽ 259 റൺസിന് പുറത്തായിയിരുന്നു. ജോസ് ബട്ലറിന്റെ 60 റൺസ് ആണ് ഇംഗ്ലണ്ടിനെ ഈ സ്കോറിൽ എത്തിക്കാൻ കാര്യമായി സഹായിച്ചത്. 41 റൺസ് എടുത്ത റോയ്, 34 റൺസ് എടുത്ത മൊയീൻ അലി, 32 റൺസ് എടുത്ത ഒവേർടൺ എന്നിവരും ഇംഗ്ലണ്ടിന്റെ സ്കോറിൽ നല്ല പങ്കുവഹിച്ചു.
ഇന്ത്യക്ക് ആയി ഹാർദിക് പാണ്ഡ്യ നാലു വിക്കറ്റും ചാഹൽ മൂന്ന് വിക്കറ്റും വീഴ്ത്തി. സിറാജ് രണ്ടും ജഡേജ ഒരു വികറ്റും വീഴ്ത്തി ഇന്ത്യയെ സഹായിച്ചു. സിറാജ് ബെയർ സ്റ്റോയെയും റൂട്ടിനെയും പൂജ്യത്തിൽ പുറത്താക്കിയിരുന്നു.